s

മാന്നാർ: പാവുക്കര വഞ്ചിമുക്ക്-കിളുന്നേരിൽപടി റോഡിലൂടെ സഞ്ചരി​ക്കണോ? നീന്തൽ അറിഞ്ഞി​രി​ക്കണം.

വീയപുരം റോഡിനു അനുബന്ധ പാതയായ റോഡിന്റെ ഇരുവശങ്ങളിലായി നാൽപതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. സ്‌കൂൾ - മദ്രസ വിദ്യാർത്ഥികൾ ഉൾപ്പെടെ അനവധി യാത്രക്കാർ ആശ്രയി​ക്കുന്നതാണ് ഈ റോഡ്. പതിറ്റാണ്ടുകൾക്ക് മുമ്പാണ് റോഡ് ടാർ ചെയ്തത്.

ഏഴു വർഷത്തോളമായി തകർന്ന് കിടക്കുന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നാളിതുവരെ പരിഹാരമായിട്ടില്ല. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പാവുക്കര മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയപ്രക്ഷോഭത്തിനു തയ്യാറെടുക്കുകയാണ് നാട്ടുകാർ.

റോഡ് ടാർ ചെയ്തി​ട്ട് വർഷങ്ങളായി​. റോഡ് നന്നാക്കാൻ പല തവണ പരാതി​ കൊടുത്തി​ട്ടും ഫലമുണ്ടായി​ല്ല.

പ്രദേശവാസികൾ


വഞ്ചിമുക്ക്-കിളുന്നേരിൽപടി റോഡിലെ വെള്ളകെട്ട് ഒഴിവാക്കുന്നതിനുള്ള അടിയന്തര നടപടി കൈകൊള്ളും. പരേതനായ മുൻ എം.എൽ.എ ഈ റോഡ് ടാർ ചെയ്യുന്നതിന് ഇരുപത് ലക്ഷം രൂപ അനുവദിക്കാമെന്ന് ഉറപ്പുനൽകി​ അതിനുള്ള നടപടി സ്വീകരിച്ചു വരുമ്പോഴാണ് അദ്ദേഹത്തിന്റെ മരണം. ഇരുപത് ലക്ഷത്തിന് മുകളിൽ ചെലവ് വരുന്നതുമൂലം പഞ്ചായത്ത് ഫണ്ടിൽ നിന്ന് കണ്ടെത്താൻ പ്രയാസമാണ്. അതുകൊണ്ട് ഇപ്പോഴത്തെ എം.എൽ.എ സജി ചെറിയാന് നിവേദനം നല്കിയി​ട്ടുണ്ട്. അതുകൂടാതെ പഞ്ചായത്തിന്റെ ബഡ്ജറ്റിൽ ഉൾപ്പെടുത്തി റോഡ് പുനർനിർമിക്കുവാനും ആലോചി​ക്കും.

പ്രമോദ് കണ്ണാടിശേരി, പഞ്ചായത്ത് പ്രസിഡന്റ്

പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ റാലി

പ്രക്ഷോഭത്തി​ന് മുന്നോടിയായി ശനിയാഴ്ച രാവിലെ പത്തിനു മൂർത്തിട്ട, കല്ലുമ്മൂട് മഖാം പള്ളിയിൽ നിന്നും മാന്നാർ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ റാലി നടത്തും. പഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തുന്ന പ്രതിഷേധധർണ പാവുക്കര ജുമാ മസ്ജിദ് ചീഫ് ഇമാം നസിമുദ്ദീൻ അഹ്‌സനി ഉദ്ഘാടനം ചെയ്യും. പാവുക്കര മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സുധീർ എലവൺസ്, സെക്രട്ടറി നൗഷാദ് പുത്തൻ പീടികയിൽ ട്രഷറർ ഷഫീഖ്' ബിസ്മി മൻസിൽ എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകും.