padam

കുട്ടനാട്: വരുംതലമുറയ്ക്ക് കൃഷിയിൽ അവബോധം ഉണ്ടാക്കാൻ സർക്കാർ പുതുതായി ഏർപ്പെടുത്തിയ പാഠം ഒന്ന് പാടത്തേക്ക് പദ്ധതിയുടെ ഭാഗമായി എടത്വ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. പച്ച സെന്റ് സേവ്യേഴ്സ് പള്ളി പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ ചമ്പക്കുളം കൃഷി അസിസ്റ്റൻറ് ഡയറക്ടർ എൻ.രമാദേവി കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പള്ളി വികാരി ഫാ. ജയിംസ് മാളിയേക്കൽ, പച്ച സെന്റ് സേവ്യേഴ്സ് യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളിക്കുട്ടി ജോസഫ്, എടത്വ സെന്റ് മേരീസ് യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് ബീന കളങ്ങര, പി.ടി.എ പ്രസിഡന്റ് ജയൻ പുന്നപ്ര, ഇരവുകരി പാടശേഖരസമിതി സെക്രട്ടറി പി.വി. സിനു എന്നിവർ സംസാരിച്ചു. എടത്വ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റുമാരായ ജി. രഞ്ജിത് സ്വാഗതവും രാഖി വി. ഭദ്രൻ നന്ദിയും പറഞ്ഞു. പാടശേഖരം, നെല്ല്, കൃഷി, കീടബാധ, കീടനാശിനി പ്രയോഗം എന്നിവ സംബന്ധിച്ച് കുട്ടികളുടെ ചോദ്യങ്ങൾക്ക് കർഷകനായ സിനു ഉത്തരം നൽകി. തുടർന്ന് ഇരവുകരി പാടശേഖരത്തിലെത്തിച്ച് വിളവെടുപ്പിന് പാകമായ നെൽച്ചെടികളെ കുട്ടികൾക്ക് പരിചയപ്പെടുത്തി.