ആലപ്പുഴ: 'ജയിക്കും, ആരിഫിനെപ്പോലെ നല്ല ഭൂരിപക്ഷത്തിൽ ജയിക്കും'- അരൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മനുവിന്റെ തലയിൽ കൈവച്ചു കൊണ്ട് സാക്ഷാൽ കെ.ആർ.ഗൗരിഅമ്മയുടെ വാക്കുകൾ.
ഒമ്പതു തവണ അരൂരിന്റെ എം.എൽ.എ ആയിരുന്ന ഗൗരിഅമ്മയുടെ അനുഗ്രഹം തേടിയെത്തിയതായിരുന്നു സ്ഥാനാർത്ഥി മനു സി.പുളിക്കൽ. കഴിഞ്ഞ മൂന്ന് തവണ അരൂരിനെ പ്രതിനിധാനം ചെയ്ത എ.എം.ആരിഫ് എം.പിയും ഒപ്പമുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് 5മണിയോടെയാണ് മനു ഗൗരിഅമ്മയുടെ വീട്ടിലെത്തിയത്.
'നിന്നെ എവിടെയോ കണ്ടിട്ടുണ്ടല്ലോ?'- മനുവിനെ കണ്ടപാടെ ഗൗരിഅമ്മ ഓർമകളിൽ പരതി. അപ്പോൾ മനുവിനെ ആരിഫ് പരിചയപ്പെടുത്തി. 'വയലാറിലെ സിറിയക് സാറിന്റെ മകനാ. രക്തസാക്ഷി മണ്ഡപത്തിനടുത്തുള്ള ഇവരുടെ വീട്ടിൽ പലകുറി പോയിട്ടില്ലേ. ഇപ്പോൾ അരൂരിലെ നമ്മുടെ സ്ഥാനാർത്ഥിയാ'- ആരിഫ് പറഞ്ഞു.
മനുവിനെ ഗൗരിഅമ്മ സൂക്ഷിച്ചൊന്നു നോക്കി. പിന്നെ തലയിൽ കൈ വച്ച് അനുഗ്രഹിച്ചു. ജയിക്കും, നല്ല ഭൂരിപക്ഷം കിട്ടും. നന്നായി വർക്കു ചെയ്യണം. അതിലൊരു വീഴ്ചയും വരുത്തരുത്- ഒരുപാട് തിരഞ്ഞെടുപ്പുകളുടെ അനുഭവമുള്ള ഗൗരിഅമ്മ ഉപദേശിച്ചു.