അമ്പലപ്പുഴ: ദേശീയപാതയിൽ ആലപ്പുഴ മെഡി. ആശുപത്രി കവാടത്തിനു സമീപം രാത്രിയിൽ സ്കൂട്ടർ യാത്രികനായ വ്യാപാരി അജ്ഞാത വാഹനമിടിച്ച് മരിച്ച സംഭവത്തിൽ വാഹനം കണ്ടെത്തി. ആലുവ സ്വദേശി സെക്കൻഡ് ഹാൻഡായി കൊല്ലത്തു നിന്ന് വാങ്ങിയ ഫോർഡ് ഫിയസ്റ്റ കാർ ആലുവയിലേക്കു കൊണ്ടുപോകും വഴിയായിരുന്നു അപകടം. ആലുവയിൽ ഒരു വീടിന്റെ തൊഴുത്തു ഭാഗത്ത് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ കാർ പുന്നപ്ര എസ്.ഐ രാജൻ ബാബുവിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് കണ്ടെത്തിയത്. കച്ചവടം നടന്നെങ്കിലും ഉടമസ്ഥാവകാശം കൈമാറിയിട്ടില്ലാത്തതിനാൽ യഥാർത്ഥ ഉടമയും കുടുങ്ങും.
പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡ് കരയാംവട്ടം വീട്ടിൽ ഷാജികുമാർ (52) ആണ് കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ ഭാര്യയുമൊന്നിച്ച് വീട്ടിലേക്ക് പോകുന്നതിനിടെ വാഹനമിടിച്ച് മരിച്ചത്. ഭാര്യ മിനിമോൾ ഇപ്പോഴും മെഡി. ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രി അങ്കണത്തിൽ അത്യാഹിത വിഭാഗത്തിനു പടിഞ്ഞാറുഭാഗത്ത് മതിലിനോടു ചേർന്ന് വ്യാപാരം നടത്തുകയായിരുന്നു ഷാജികുമാർ.
കെ.എൽ- 08-എ.ജെ- 50 എന്നതാണ് ഇടിച്ച കാറിന്റെ രജിസ്ട്രേഷൻ നമ്പർ. വാഹനം വാങ്ങിയയാൾ ഇന്ന് പുന്നപ്ര സ്റ്റേഷനിൽ ഹാജരാകും. എ.എസ്.ഐമാരായ സിദ്ദിഖ്, തോമസ്, സിവിൽ പൊലീസ് ഓഫീസർമാരായ അജീഷ്, ഗോപൻ എന്നിവരുടെ നേതൃത്വത്തിലാണ് സി.സി ടി.വി ദൃശ്യങ്ങളുടെ ഉൾപ്പെടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയത്.