എസ്.ഡി കോളേജിൽ 20 വർഷത്തിനു ശേഷം കെ.എസ്.യുവിന് ഒരു ജനറൽ സീറ്റ്
ആലപ്പുഴ: കേരള സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്.എഫ്.ഐക്ക് ഉജ്ജ്വല വിജയം. പതിമൂന്ന് കോളേജുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പന്ത്രണ്ടിടത്തും എസ്.എഫ്.ഐ ആധിപത്യം നിലനിറുത്തി. ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലാണ് കെ.എസ്.യു വിജയിച്ചത്.
ആലപ്പുഴ എസ്.ഡി കോളേജ്, എസ്.ഡി.വി കോളേജ്, ചേർത്തല സെന്റ് മൈക്കിൾസ് കോളേജ്, എസ്.എൻ കോളേജ്, അമ്പലപ്പുഴ ഗവ. കോളേജ്, ഹരിപ്പാട് നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജ്, കാർത്തികപ്പള്ളി ഐ.എച്ച്.ആർ.ഡി കോളേജ്, മാവേലിക്കര ബിഷപ് മൂർ കോളേജ്, കല്ലുമല മാർ ഇവാനിയോസ് കോളേജ്, മാവേലിക്കര ഐ.എച്ച്.ആർ.ഡി കോളേജ്, രാജാ രവിവർമ്മ ഫൈൻ ആർട്സ് കോളേജ്, ചെങ്ങന്നൂർ ക്രിസ്റ്റ്യൻ കോളേജ്, ചെറിയനാട് എസ്.എൻ കോളേജ് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
ആലപ്പുഴ എസ്.ഡി കോളേജിൽ 20 വർഷത്തെ ഇടവേളയ്ക്കു ശേഷം ജനറൽ സീറ്റിൽ കെ.എസ്.യു വിജയിച്ചു. യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി മൂന്നാം വർഷ ബി.എ ചരിത്ര വിദ്യാർത്ഥിയായ തോമസുകുട്ടി ജോർജ് ആണ് വിജയിച്ചത്. ബാക്കി 12 സീറ്റും എസ്.എഫ്.ഐക്കാണ്. ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ വൈസ് ചെയർപേഴ്‌സണും ഒരു കൗൺസിലറും ഒഴികെ ചെയർമാൻ ഉൾപ്പെടെ എല്ലാ സീറ്റുകളും കെ.എസ്. യു വിജയിച്ചു
എസ്.ഡി കോളേജിൽ എസ്.എഫ്.ഐയിലെ വി.ആർ.ശങ്കർ (ചെയർമാൻ), കെ.എസ്.വിദ്യാലക്ഷ്മി (വൈസ് ചെയർപേഴ്‌സൺ), എ. അഭിമന്യു (ജനറൽ സെക്രട്ടറി), ആൻ സാന്ദ്രിയ എസ്. ആന്റോ (ആർട്‌സ് ക്ലബ്ബ് സെക്രട്ടറി ), ലക്ഷ്മി എസ്.റാം (മാഗസിൻ എഡിറ്റർ), സത്യനാരായണ മൂർത്തി (സ്‌പോർട്ട്‌സ് ക്ലബ്ബ് സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ. രണ്ടാമത്തെ യു.യു.സി ആയി എസ്.എഫ്.ഐയുടെ സൗരവ് സുരേഷും വിജയിച്ചു.
കല്ലുമല ബിഷപ്മൂർ കോളേജിൽ എല്ലാ ജനറൽ സീറ്റുകളിലും എസ്.എഫ്.ഐ വിജയിച്ചു. ആർ.സൽമ (ചെയർപേഴ്‌സൺ), യു.എം. നന്ദന (വൈസ് ചെയർപേഴ്‌സൺ), പി.കെ. പ്രസൂൺ (ജനറൽ സെക്രട്ടറി), അരവിന്ദ് രാജ്, എസ്. നന്ദ (യു.യു.സി), ശരത് (ആർട്‌സ് ക്ലബ്ബ് സെക്രട്ടറി) എന്നിവർ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു. കല്ലുമല മാർ ഇവാനിയോസ് കോളേജിൽ എസ്. ബിച്ചു (ചെയർമാൻ), കൃപ (വൈസ് ചെയർപേഴ്‌സൺ), ജുവാൻ (ജനറൽ സെക്രട്ടറി), ജോർജ്ജ് (യു.യു.സി), കീർത്തന (ആർട്‌സ് ക്ലബ്ബ് സെക്രട്ടറി) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ഐ.എച്ച്.ആർ.ഡി കോളേജിൽ സുധീഷ് (ചെയർമാൻ), അശ്വിൻ (ജനറൽ സെക്രട്ടറി), അമൽ, മൃദുൽ (യു.യു.സി), മഹേഷ് (ആർട്‌സ് ക്ലബ്ബ് സെക്രട്ടറി) എന്നിവരാണ് വിജയിച്ചത്. രാജാരവിവർമ്മ കോളേജിൽ വിമൽ (ചെയർമാൻ), ആരോമൽ (ജനറൽ സെക്രട്ടറി), ആദർശ് (യു.യു.സി) എന്നിവർ വിജയിച്ചു.