vote

മാന്നാർ: സ്‌കൂൾ പാർലമെന്റ് തി​രഞ്ഞെടുപ്പ് വോട്ടിംഗ് മെഷീനിലേക്കും ലാപ് ടോപ്പിലേക്കും മാറുമ്പോൾ തിരുവൻവണ്ടൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പരമ്പരാഗതമായ രീതിയിൽ നടത്തിയ ബാലറ്റ് വോട്ടിംഗ് ഏറെ ശ്രദ്ധേയമായി.

വിദ്യാർത്ഥികളെ തന്നെയായി​രുന്നു പോളിംഗ് ഓഫീസർമാർ. കുട്ടികൾക്ക് മറ്റ് ക്ളാസുകളി​ലായി​രുന്നു നിയമനം നൽകിയത്. നോട്ടയും ചിഹ്നവും ഉൾപ്പെടെ ബാലറ്റ് പേപ്പർ അച്ചടിച്ചാണ് നൽകിയത്. വോട്ടു രേഖപ്പെടുത്തിയ കുട്ടികളുടെ കൈയ്യിൽ മഷി അടയാളം രേഖപ്പെടുത്തുന്നുണ്ടായിരുന്നു.

വനിതാ സംവരണമുള്ള ക്ലാസുകൾക്ക് പിങ്ക് കളർബൂത്തുകളായി​രുന്നു. പോളിംഗ് ഓഫീസർമാർക്ക് പോസ്റ്റൽ വോട്ടിംഗ് ചെയ്യാനുള്ള അവസരവും നൽകിയിരുന്നു. തി​രഞ്ഞെടുപ്പ് സാമഗ്രികൾ ഏറ്റുവാങ്ങി പോളിംഗ് ഓഫീസർമാർ ബൂത്തിലേക്ക് പോയപ്പോൾ എസ്.പി സി കേഡറ്റുകൾ സുരക്ഷ ഒരുക്കി. ബാലറ്റ് പേപ്പറിൽ ഓരോ സ്ഥാനാർത്ഥിക്കും ചിഹ്നം അനുവദിച്ചിരുന്നു.എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടായിരുന്നു നാമനിർദ്ദേശ പത്രിക സ്വീകരിച്ചത്.ബാലറ്റ് പെട്ടികളിൽ നിക്ഷേപിച്ച വോട്ടുകൾ സ്‌കൂളിലെ പ്രത്യേക വോട്ടെണ്ണൽ കേന്ദ്രത്തിൽ കൊണ്ടുവന്ന് മൂന്ന് റൗണ്ടുകളായാണ് വോട്ടെണ്ണി ഫലം പ്രഖ്യാപിച്ചത്. വോട്ടെണ്ണൽ നടന്നപ്പോൾ ലീഡിംഗ് നില മാറിമറിയുന്നത് കണ്ട് കുട്ടികൾക്ക് ആവേശമായി​. 10 സ്ഥാനത്തേക്കുള്ള തി​രഞ്ഞെടുപ്പാണ് നടത്തിയത്. ഒരാൾ എതിരില്ലാതെ തി​രഞ്ഞെടുക്കപ്പെട്ടു. ജയിച്ച സ്ഥാനാർത്ഥികൾ ഭരണപക്ഷമായും തോറ്റവർ പ്രതിപക്ഷമായും പ്രഖ്യാപിച്ചു. ചെയർമാനായി അഖിൽ ആർ പിള്ളയും, വൈസ് ചെയർമാനായി​ വിധു പ്രസാദ്, സെക്രട്ടറിയായി​ പ്രസൂജ,
സ്പീക്കറായി​ റിനു. പി റെജിയും തി​രഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികളായി നന്ദു ഹരികുമാർ, ജെറിൻ ജേക്കബ്, ബി.ആർ കൈലാസ്, അഞ്ജലി നായർ എന്നിവരെയും തെരഞ്ഞെടുത്തു.
പ്രിൻസിപ്പൽ സി.വിജയലക്ഷ്മി, സീനിയർ അസി.ഡി. ബീനാ ജോൺ, എം.എം ജിജുമോൻ ,ജി.രാജേഷ്, ജി.പ്രദീപ് കുമാർ, എസ്.പ്രീതി എന്നിവർ നേതൃത്വവും നിർദ്ദേശവും നൽകി.