ചേർത്തല: പാലാ തിരഞ്ഞെടുപ്പ് ഫലം പിണറായി സർക്കാരിനുള്ള അംഗീകാരമാണെന്നും ഇത് മറ്റ് ഉപതിരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കുമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മാണി സി. കാപ്പന്റെ വിജയം എസ്.എൻ.ഡി.പി യോഗം ആഗ്രഹിച്ചിരുന്നു. അത് യോഗം പ്രവർത്തകർ കാര്യക്ഷമമായി നിറവേറ്റി. എല്ലാ സമുദായങ്ങളും കാപ്പനെ സഹായിച്ചു.
തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായാണ് പാല ബിഷപ്പ് നിഷ്‌പക്ഷ നിലപാട് സ്വീകരിക്കുന്നത്. ബിഷപ്പ് ആഗ്രഹിച്ചതാണ് അവിടെ സംഭവിച്ചത്. തമ്മിൽത്തല്ല് കേരള കോൺഗ്രസിന്റെ നാശത്തിലേക്കുള്ള വഴി തുറന്നിരിക്കുന്നു. ജോസ് കെ.മാണി നേതൃപാടവം ഇല്ലാത്ത നേതാവാണെന്ന് തെളിഞ്ഞു.
വോട്ടു കച്ചവടം നടത്തിയ ബി.ജെ.പി ഘടകകക്ഷികളെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. കൂടെ നിൽക്കുന്നവരെ നുള്ളിയും മാന്തിയും നോവിക്കുന്ന രീതിയാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റേത്. അവർക്ക് കാര്യപ്രാപ്തിയില്ല.
അടൂർ പ്രകാശ് കുലംകുത്തിയാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. ഇദ്ദേഹം എങ്ങനെ എം.എൽ.എയും മികച്ച വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയുമായെന്ന് ചിന്തിക്കണം. അരൂരിലെ ഫലത്തെപ്പറ്റി പറയാറായിട്ടില്ല. തമ്മിൽ ഭേദം തൊമ്മൻ എന്ന നിലപാടാണ് യോഗത്തിന്.