മാവേലിക്കര: ആറ് ദശാബ്ദത്തിന്റെ ചരിത്രമുള്ള കല്ലുമലയിലെ സ്വകാര്യ ചന്തയുടെ പ്രവർത്തനം നിലക്കുമെന്ന് ആശങ്ക വേണ്ട. ഓർമ്മയാകുമെന്നു കരുതിയ കല്ലുമല ചന്തയ്ക്ക് തഴക്കര പഞ്ചായത്ത് അധികൃതരുടെ സമയോചിതമായ ഇടപെടലിലൂടെ പുനർജന്മം ലഭിച്ചിരിക്കുകയാണ്. നിലവിലെ അവസ്ഥയിൽ നവംബർ 15 വരെ കരാറുകാരൻ ചന്തയുടെ നടത്തിപ്പ് തുടരും. പിന്നീട് പുതിയ കരാറുകാരന് ചന്ത നടത്തുന്നതിനുള്ള അനുമതി നൽകും.
സെപ്റ്റംബർ 30ന് കല്ലുമലയിൽ ഒരു ചരിത്രം അവസാനിക്കുമെന്ന ജനങ്ങളുടെ ആശങ്കയാണ് ഇതോടെ അവസാനിക്കുന്നത്.
കല്ലുമലയുടെയും തഴക്കര പഞ്ചായത്തിന്റെയും പ്രധാന വാണിജ്യ കേന്ദ്രമായ കല്ലുമല ചന്തയുടെ പ്രവർത്തനം നിർത്തുന്നതായി നിലവിലുള്ള കരാറുകാർ ബോർഡ് വച്ചതാണ് ആശങ്കക്ക് തുടക്കമിട്ടത്. പ്രായാധിക്യം കാരണം ലൈസൻസ് പുതുക്കാൻ കഴിയില്ലെന്ന് നിലവിലെ കരാറുകാരനായ കല്ലുമലയിൽ തടാലിൽ ടി.ഡി.ഹരിദാസ് രണ്ടുതവണ പഞ്ചായത്തിനെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാൽ ഇതിന് വേണ്ടത്ര പ്രാധാന്യം പഞ്ചായത്ത് അധികൃതർ നൽകാതെ വന്നതോടെയാണ് കരാർ കാലാവധി തീരുന്ന സെപ്റ്റംബർ 30ന് ചന്തയുടെ പ്രവർത്തനം നിർത്തുമെന്ന് കാണിച്ച് ഹരിദാസ് ബോർഡ് സ്ഥാപിച്ചത്. ഇതോടെ ഇതൊരു ജനകീയ പ്രശ്‌നമായി മാറി. തുടർന്ന് പഞ്ചായത്ത് സെക്രട്ടറി നേരിട്ടെത്തി കരാർ കാലാവധി നവംബർ 15 വരെ നീട്ടി നൽകുകായിരുന്നു.
ആറ് ദശാബ്ദത്തിന്റെ ചരിത്രം
കല്ലുമലയിലെ സ്വകാര്യ ചന്തയ്ക്ക് ആറ് ദശാബ്ദത്തിലധികം നീളുന്ന ചരിത്രമാണുള്ളത്. ഇക്കാലത്തിന് മുമ്പ് കാർഷിക കേന്ദ്രമായിരുന്ന തഴക്കര, തെക്കേക്കര പഞ്ചായത്തിലെ ജനങ്ങൾ സ്വന്തം കൃഷിയിടങ്ങളിൽ നട്ട് ഫലമെടുക്കുന്ന കാർഷികവിളകൾ പുതിയകാവ് ചന്തയിലാണ് വിപണനം നടത്തിയിരുന്നത്. ഇവിടുത്തെ പ്രമാണിമാരുടെ ധാർഷ്ട്യം സഹിക്കാൻ കഴിയാതെ മുതലശ്ശേരിൽ എം.ജി പൽപ്പുവാണ് ഇന്നത്തെ ബിഷപ് മൂർ കോളേജ് ജംഗ്ഷനിൽ ആദ്യമായി ചന്ത തുടങ്ങുന്നത്. അന്ന് കോളേജ് നിലവിലൂണ്ടിയിരുന്നില്ല. അക്കാലത്ത് ചന്ത ആരംഭിക്കുന്നതിന് ലൈസൻസ് നടപടികൾ ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് പലയിടങ്ങളിലേക്ക് ചന്തയുടെ പ്രവർത്തനം മാറ്റുകയും ചന്ത നടത്തിപ്പിന് പഞ്ചായത്ത് ലൈസൻസികളെ എൽപ്പിക്കുകയും ചെയ്തു.
ഇപ്പോഴത്തെ കരാറുകാരനായ ടി.ഡി.ഹരിദാസ് ചന്തയുടെ നടത്തിപ്പ് ഏറ്റെടുത്തിട്ട് 38 വർഷത്തോളമായി. മുമ്പ് വാടക സ്ഥലത്തായിരുന്ന ചന്ത ഇപ്പോൾ കാണുന്ന പുരയിടത്തിലേക്ക് മാറിയത് ആറ് വർഷം മുമ്പാണ്. ഹരിദാസിന്റെയും സഹോദരൻ മോഹൻദാസിന്റെയും ഉടമസ്ഥതയിലുള്ളതാണ് ഇപ്പോൾ ചന്ത പ്രവർത്തിക്കുന്ന സ്ഥലം.
സ്വകാര്യ ചന്ത, ഒരു നാടിന്റെ അന്നം
സ്വകാര്യ ചന്തയിൽ നൂറോളം വരുന്ന വിവിധ കച്ചവടക്കാരാണ് ഉപജീവനം നടത്തുന്നത്. എല്ലാദിവസവും രാവിലെ ഏഴ് മണിയോടെ സജീവമായിരുന്ന കല്ലുമല ചന്തയിൽ മാവേലിക്കര താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെത്തി ക്രയവിക്രയങ്ങൾ നടത്തുന്നുണ്ട്. ഉൾനാടൻ മത്സ്യങ്ങളും കടൽ മത്സ്യങ്ങളും പച്ചക്കറിയും മിതമായ വിലയിൽ ഇവിടെ ലഭിക്കും. സ്വന്തം കൃഷിയിടങ്ങളിലെ കാർഷികവിളകളും നാട്ടിൻപുറത്തെ കർഷകർ വിപണനം നടത്തുന്നതും ഇവിടെയാണ്. വർഷങ്ങളായി വിൽപന നടത്തുന്ന വ്യാപാരികളാണ് പ്രത്യേകത. പ്രദേശത്തെ ജനങ്ങളുടെ പ്രധാന വാണിജ്യ സംഗമകേന്ദ്രം കൂടിയാണ് കല്ലുമല ചന്ത. മിതമായ വിലയിൽ മത്സ്യ, മാംസാദികളും പച്ചക്കറികളും ലഭിച്ചിരുന്ന ഒരു പ്രധാന വാണിജ്യ ഇടം കൂടിയാണ് കല്ലുമല ചന്ത.
കല്ലുമലയിലെ ജനങ്ങളുടെ ആവശ്യമായ കല്ലുമല ചന്ത തുടർന്നുകൊണ്ടുപോകുന്നതിന് പുതിയ ലൈസൻസിയെ കണ്ടെത്തും. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് ഇപ്പോൾ ഇതിന് തടസമുള്ളത്. ചന്തയുടെ പ്രവർത്തനം നിലയ്ക്കാതിരിക്കാൻ നവംബർ 15 വരെ നിലവിലുള്ള കരാറുകാരന്റെ ലൈസൻസ് കാലാവധി നീട്ടി നൽകിയിട്ടുണ്ട്. പെരുമാറ്റ ചട്ടത്തിന്റെ കാലാവധി കഴിഞ്ഞാൽ പുതിയ കരാർ ക്ഷണിച്ച് കല്ലുമല ചന്ത നിലനിർത്താനുള്ള നടപടി സ്വീകരിക്കും.
അനിരുദ്ധൻ
പഞ്ചായത്ത് വൈസ് പ്രസിഡന്റ്.