accident

മാരാരിക്കുളം:ദേശീയപാതയിൽ കഞ്ഞിക്കുഴിയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.ആലപ്പുഴ ആശ്രമം വാർഡിൽ അവലുക്കുന്ന് മുരിക്കുപുരയ്ക്കൽ ഷിജു വർഗീസ്(27),കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബഷീർ(60) എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ആശ്രമം വാർഡിൽ പുതുക്കരശേരി അഖിലിനെ(23) ചേർത്തല കെ.വി.എം.ആശുപത്രിയിലും പുന്നപ്ര പുതുവൽ (സുനാമി കോളനി) ഖാലിദിന്റെ മകൻ നാസറിനെ (56) വണ്ടാനം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം.പൂച്ചാക്കലിൽ നിന്ന് കുടിവെള്ളം കയറ്റി ആലപ്പുഴയ്ക്ക് വരികയായിരുന്ന ദോസ്ത് വണ്ടിയും കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന മീൻ കയറ്റി വന്ന വാഹനവുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് രണ്ട് വാഹനങ്ങളും മറിഞ്ഞു.ഇതിനിടെ ആലപ്പുഴ ഭാഗത്തേയ്ക്ക് വരുകയായിരുന്ന കമ്പി കയറ്റി വന്ന ലോറിയും ഇൂ വാഹനങ്ങളിലേക്ക് ഇടിച്ചു കയറി.മിനി ലോറിയും മീൻ ലോറിയും പൂർണമായി തകർന്നു.മീൻ വണ്ടിയുടെ ഡ്രൈവറാണ് മരിച്ച ബഷീർ.ഒപ്പമുണ്ടായിരുന്നയാളാണ് നാസർ. ദോസ്ത് വാഹനത്തിലെ ഡ്രൈവറാണ് മരിച്ച ഷിജു വർഗീസ്. ഷിജുവിനൊപ്പം ഈ വാഹനത്തിൽ ഉണ്ടായിരുന്നതാണ് പരിക്കേറ്റ അഖിൽ.ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. രണ്ട് മണിക്കൂറുകളോളം ദേശീയപാതയിൽ വാഹന ഗതാഗതം തടസപ്പെട്ടു.മറ്റ് വഴികളിലൂടെയാണ് വാഹനങ്ങൾ തിരിച്ചുവിട്ടത്.അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.തുമ്പാളിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച ബഷീറിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.സിജുവിന്റെ മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്.