ആലപ്പുഴ: ഉപതിരഞ്ഞെടുപ്പിൽ അരൂർ മണ്ഡലത്തിൽ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബു എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കും. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ പ്രകാശ് ബാബു മത്സരിച്ചിരുന്നു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പ്രക്ഷോഭത്തിന് മുൻ നിരയിൽ നിന്നിരുന്നു.
കോഴിക്കോട് നരിപ്പറ്റ സ്വദേശിയാണ്. എ.ബി.വി.പി പ്രവർത്തനത്തിലൂടെയാണ് സംഘടനാ പ്രവർത്തനത്തിന് തുടക്കം. യുവമോർച്ച നാദാപുരം മണ്ഡലം ജനറൽ സെക്രട്ടറി, പ്രസിഡന്റ്, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നാദാപുരം മണ്ഡലത്തിൽ നിന്നും 2016ൽ ബേപ്പൂരിൽ നിന്നും മത്സരിച്ചു.
പോണ്ടിച്ചേരി സർവകലാശാലയിൽ നിന്ന് ബി.എസ്സി ഫസ്റ്റ് ക്ലാസിൽ പാസായ പ്രകാശ് ബാബു കണ്ണൂർ സർവകലാശാലയിൽ നിന്ന് രണ്ടാം റാങ്കോടെ എൽഎൽ.ബി ബിരുദം നേടി. കണ്ണൂർ സർവകലാശാലയിൽ നിന്ന് ഭരണഘടനാ നിയമത്തിലും ഭരണ നിർവഹണ നിയമത്തിലും ബിരുദാനന്തര ബിരുദവും മദ്രാസ് സർവകലാശാലയിൽ നിന്ന് ഫസ്റ്റ് ക്ലാസോടെ എം.എൽ ബിരുദവുമുണ്ട്.