കറ്റാനം: ഓർത്തഡോക്‌സ് - യാക്കോബായ തർക്കം നിലനിൽക്കുന്ന കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ നിരോധനാജ്ഞയും കളക്ടറുടെ തൽസ്ഥിതി നിർദ്ദേശവും മറികടന്നു ഓർത്തഡോക്സ് വിഭാഗം കാതോലിക്കാ ബാവയും മാവേലിക്കര ഭദ്രാസനാധിപൻ അലക്സിയോസ് മോർ യൗസേബിയോസും ഇന്നലെ രാവിലെ പള്ളിയിൽ പ്രവേശിച്ചു. യാക്കോബായ വിശ്വാസികൾ പ്രതിഷേധവുമായി എത്തിയത് സംഘർഷാവസ്ഥയുണ്ടാക്കി.
സ്ത്രീകളും കുട്ടികളുമടക്കം നിരവധി യാക്കോബായക്കാർ കരിങ്കൊടി വീശി. ഓർത്തഡോക്സ് വിഭാഗം കാതോലിക്ക ബാവയേയും മെത്രാപ്പോലീത്തയേയും യാക്കോബായക്കാർ തടയാൻ ശ്രമിച്ചെങ്കിലും വൻ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ കാതോലിക്കബാവ പള്ളിയിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് യാക്കോബായ വിശ്വാസികൾ കെ.പി റോഡിൽ പ്രതിഷേധവുമായി നിലയുറപ്പിച്ചു. ഇടവക ട്രസ്റ്റി അലക്സ് എം.ജോർജ് പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണു.
ഉച്ചയോടെ ഇടവകാംഗം ഫാ.റോയി ജോർജിനെയും 23 വിശ്വാസികളെയും പോലീസ് അറസ്റ്റ് ചെയ്ത് വള്ളികുന്നം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെയും പ്രതിഷേധം തുടർന്ന അവരെ ഒരു മണിയോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നം രമ്യമായി പരിഹരിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് അലക്സ് എം. ജോർജ് പറഞ്ഞു. നിരോധനാജ്ഞയുടെ മറവിൽ ഓർത്തഡോക്സ് വിഭാഗത്തെ കാതോലിക്ക പള്ളിയിൽ പ്രവേശിപ്പിക്കാനാണ് ജില്ലാ ഭരണകൂടം ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. യാക്കോബായ വിശ്വാസികളെ അറസ്റ്റ് ചെയ്തതിൽ മാത്യൂസ് മോർ തേവോദോസിയോസ്, യൂഹാനോൻ മോർ മിലിത്തിയോസ്, ഗീവർഗീസ് മാർ കൂറിലോസ് എന്നിവർ പ്രതിഷേധിച്ചു.