gt

ഹരിപ്പാട്: ശ്രീനാരായണ ഗുരുദേവൻ ലോക ക്ഷേമത്തിനായി 111 വർഷം മുമ്പ് ആലപിച്ചുതന്ന ആനന്ദാമൃതമാണ് ജനനീ നവരത്ന മഞ്ജരിയെന്ന് എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയനിൽ ജനനീ നവരത്നമഞ്ജരി സാധനാ യജ്ഞവും നവരാത്രി മഹോത്സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രീതി നടേശൻ.

വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും ഒൻപത് ജ്ഞാനവല്ലരികളുള്ള ജനനീ നവരത്നമഞ്ജരിയെ നവരാത്രി വ്രതവുമായി ബന്ധപ്പെടുത്തി ആഘോഷിക്കാൻ നാളിതുവരെ കഴിഞ്ഞിട്ടില്ല. ചേപ്പാട് യൂണിയൻ ഇതിന് മാറ്റം കുറിച്ചു. ലോകത്ത് ആദ്യമായിട്ടാണ് ജനനീ നവരത്നമഞ്ജരിയും നവരാത്രി വ്രതവും ബന്ധപ്പെടുത്തി ആഘോഷിക്കുന്നത്. മറ്റ് യൂണിയനുകളും ഇത് മാതൃകയാക്കി മുന്നോട്ട് വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഗുരുവിന്റെ അമൃതവാണികൾ പഠിച്ചാൽ ലോകത്തെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയുമെന്നും പ്രീതി നടേശൻ പറഞ്ഞു.

ഒക്ടോബർ 8 വരെ യൂണിയൻ സൗധത്തിൽ നടക്കുന്ന യജ്ഞത്തിന്റെ ആചാര്യൻ വിശ്വപ്രകാശം എസ്.വിജയാനന്ദാണ്. സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ അദ്ധ്യക്ഷനായി. ആചാര്യൻ വിജയാനന്ദിനെ വനിതാസംഘം പ്രസിഡന്റ് സി.മഹിളാമണി ഹാരം അണിയിച്ച് ആചാര്യവരണം നിർവ്വഹിച്ചു. യോഗം ഡയറക്ടർമാരായ എം.കെ. ശ്രീനിവാസൻ, ഡി.ധർമ്മരാജൻ, കൗൺസിൽ അംഗങ്ങളായ തൃക്കുന്നപ്പുഴ പ്രസന്നൻ, ആർ.ഓമനക്കുട്ടൻ, എസ്.ജയറാം, അയ്യപ്പൻ കൈപ്പള്ളിൽ, അഡ്വ.യു. ചന്ദ്രബാബു, പി.എൻ. അനിൽ കുമാർ, ജെ.ബിജുകുമാർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ കെ.ബിനു കരുണാകരൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സി. മഹിളാമണി, സെക്രട്ടറി രാധാ അനന്തകൃഷ്ണൻ, ജിതിൻ ചന്ദ്രൻ, ദിനിൽ എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി എൻ.അശോകൻ സ്വാഗതവും വൈസ് പ്രസിഡന്റ് ഡി.കാശിനാഥൻ നന്ദിയും പറഞ്ഞു. തുടർന്ന് നവരാത്രിയജ്ഞം, ബ്രഹ്മയജ്ഞം എന്നിവ നടന്നു.

ഇന്നു മുതൽ ഒക്ടോബർ 7 വരെ വൈകിട്ട് 3ന് വേദമന്ത്രജപം, 4ന് ബ്രഹ്മയജ്ഞം, 5.30ന് കലാപരിപാടികൾ. ഒക്ടോബർ 5ന് രാവിലെ 9 മുതൽ പൂജവെയ്ക്കുന്നതിനുള്ള പുസ്തകങ്ങളും തൊഴിലുപകരണങ്ങളും സ്വീകരിക്കും. വൈകിട്ട് പൂജവയ്പ്പ്. ഒക്ടോബർ 8ന് രാവിലെ 6ന് പൂജയെടുപ്പ്, വിദ്യാരംഭം.