ambala

അമ്പലപ്പുഴ: തകഴി കന്നാമുക്ക് ജംഗ്ഷനു സമീപം പൊട്ടിയ, ആലപ്പുഴ കുടിവെള്ള പദ്ധതി പൈപ്പിൽ അറ്റകുറ്റപ്പണി തുടങ്ങി. രണ്ടു ദിവസം കൊണ്ട് പണി പൂർത്തിയാക്കി പമ്പിംഗ് പുനരാരംഭിക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പമ്പിംഗ് നിറുത്തി വച്ചിരിക്കുന്നതിനാൽ നഗരത്തിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ് .

അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയിലുള്ള തകഴി കന്നാമുക്ക് ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസമാണ് പൈപ്പ് പൊട്ടിയത്. പൊതുമരാമത്ത് വകുപ്പിന്റെ അനുമതി വൈകിയതാണ് അറ്റകുറ്റപ്പണി വൈകിപ്പിച്ചത്. ജെ.സി.ബി കൊണ്ട് റോഡ് വെട്ടിപ്പൊളിച്ചാണ് അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നത്. പൊട്ടിയ ഭാഗത്തെ പൈപ്പ് മുറിച്ച് പുതിയ പൈപ്പ് കൂട്ടിച്ചേർക്കണം. പ്രദേശത്തെ മണ്ണിന് ഉറപ്പില്ലാത്തതിനാൽ ഭാരവാഹനങ്ങൾ പോകുമ്പോൾ പൈപ്പിന്റെ സമ്മർദ്ദം കൂടിയാണ് പൊട്ടുന്നതെന്ന് വാട്ടർ അതോറിട്ടി ജീവനക്കാർ പറയുന്നു.

റോഡിന്റെ പാതിഭാഗത്തോളം കുഴിച്ചതു മൂലം ഗതാഗതക്കുരുക്ക് രൂക്ഷമായി. തകഴി ഭാഗങ്ങളിൽ നിരന്തരമായി പൈപ്പ് പൊട്ടുന്നതിലും റോഡ് കുഴിക്കുന്നതിലും പ്രതിഷേധത്തിലാണ് നാട്ടുകാർ.