arif-mohammad-khan

ന്യൂഡൽഹി : മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ആരിഫ് മുഹമ്മദ് ഖാനെ (68) കേരള ഗവർണറായി നിയമിച്ച് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവിറക്കി. ജസ്‌റ്റിസ് പി. സദാശിവത്തിന്റെ കാലാവധി ഈ മാസം നാലിന് അവസാനിക്കുന്നതിന് പിന്നാലെ ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേൽക്കും.

കേരളത്തിന് പുറമേ ഹിമാചൽ പ്രദേശ്, തെലങ്കാന, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലും പുതിയ ഗവർണർമാരെ നിയമിച്ചു. ഒപ്പം ഹിമാചൽ ഗവർണർ കൽരാജ് മിശ്രയെ ( 78) രാജസ്ഥാനിലേക്ക് മാറ്റി നിയമിച്ചു. കാലാവധി തീരുന്ന രാജസ്ഥാൻ ഗവർണർ കല്യാൺ സിംഗിന്റെ പിൻഗാമിയായാണ് കൽരാജ്മിശ്രയുടെ നിയമനം.

ഹിമാചൽ പ്രദേശിൽ മുൻ കേന്ദ്ര തൊഴിൽ മന്ത്രി ബന്ദാരു ദത്താത്രേയയാണ് ( 72 ) പുതിയ ഗവർണർ. ബി.ജെ.പി തമിഴ്നാട് അദ്ധ്യക്ഷ ഡോ.തമിഴ് ഇസൈ സൗന്ദർരാജൻ ( 58 ) തെലങ്കാനയ്‌ക്ക് മാത്രമായുള്ള ആദ്യ ഗവർണറാകും. മഹാരാഷ‌്‌ട്ര ഗവർണറായി മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഭഗത്‌സിംഗ് കോഷിയാരിയെയും (77) നിയമിച്ചു.

ആരിഫ് മുഹമ്മദ് ഖാന് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി ഡോ. എ.സമ്പത്തും കേരളഹൗസ് റസിഡന്റ് കമ്മിഷണർ പുനീത് കുമാറും ചേർന്ന് വാറന്റ് ഒാഫ് അപ്പോയിന്റ്മെന്റ് കൈമാറി. നിയുക്ത ഗവർണറുടെ ഡൽഹി ഹൗസ്ഖാസിലെ വസതിയിലായിരുന്നു ചടങ്ങ്.

''ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഗവർണറാകുന്നതിൽ സന്തോഷമുണ്ട്. മലയാളികൾ നല്ലവരാണ്. ഭരണഘടനാ പദവിയായ ഗവർണർ സ്ഥാനത്തിരിക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ രാഷ്‌ട്രീയം നോക്കേണ്ട കാര്യമില്ല.

-ആരിഫ് മുഹമ്മദ് ഖാൻ