arif

ന്യൂഡൽഹി: ഉത്തർപ്രദേശിലെ പ്രായം കുറഞ്ഞ മന്ത്രി. മുത്തലാക്കിന്റെ നിശിത വിമർശകൻ. മുസ്ളീം സ്‌ത്രീകളുടെ അവകാശ സംരക്ഷണത്തിനായി കേന്ദ്ര മന്ത്രിസ്ഥാനം വലിച്ചെറിഞ്ഞ നേതാവ്. ചരൺസിംഗിന്റെ ഭാരതീയ ക്രാന്തി ദളിൽ തുടങ്ങി കോൺഗ്രസിലൂടെ വളർന്നു. പിന്നെ കോൺഗ്രസിനെ വെല്ലുവിളിച്ച് ജനതാദളിലൂടെ ബി.ജെ.പിയിൽ. കേരളത്തിന്റെ പുതിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ രാഷ്‌ട്രീയ ജീവിതം സംഭവ ബഹുലമാണ്.

ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ ജനിച്ച ആരിഫ് ഖാൻ അലിഗഡ് മുസ്ളീം സർവ്വകലാശാലയിൽ സ്വതന്ത്രതാ പാർട്ടിയുടെ ബാനറിൽ യൂണിയൻ പ്രസിഡന്റായി. മുസ്ളീം പണ്ഡിതൻമാരെ തടഞ്ഞുകൊണ്ടായിരുന്നു അവിടത്തെ തുടക്കം. പിൽക്കാലത്ത് ചരൺസിംഗിന്റെ ഭാരതി ക്രാന്തി ദളിലൂടെ നിയമസഭയിലേക്കുള്ള കന്നിപോരാട്ടം പാളി. 1977ൽ ജനതാപാർട്ടിയിലൂടെ 26 വയസിൽ നിയമസഭാംഗവും പിന്നീട് മന്ത്രിയുമായി. ആരിഫ് ഖാനിലെ തീപ്പൊരി കണ്ട ഇന്ദിരാഗാന്ധി കോൺഗ്രസിലെത്തിച്ച് എ. ഐ.സി.സി ജോയിന്റ് സെക്രട്ടറിയാക്കി. 1980ൽ കാൺപൂരിൽ നിന്ന് ലോക്‌സഭയിലേക്ക്. 1982ൽ കേന്ദ്ര വാർത്താ വിതരണ സഹമന്ത്രി. യുപിയിലെ ബഹ്‌റൈച്ചിൽ നിന്ന് രണ്ടാം വട്ടം ലോക‌്‌സഭാംഗം. ഇന്ദിരയുടെ മരണ ശേഷം രാജീവ് ഗാന്ധിയുടെ വിശ്വസ്‌തനായി.

ഷാബാനു കേസിൽ മുസ്ളീം വനിതകൾക്ക് ജീവനാംശം നൽകണമെന്ന സുപ്രീംകോടതിയെ വിധിയെ പ്രധാനമന്ത്രി രാജീവ് ഗാന്ധി പിന്തുണച്ചത് സമുദായത്തിലെ തീവ്ര നിലപാടുകളെ എതിർത്തിരുന്ന ഖാൻ സ്വാഗതം ചെയ്‌തു. ആഭ്യന്തര സഹമന്ത്രിയായിരുന്ന ഖാൻ സർക്കാർ നിലപാട് വിശദീകരിച്ച് ലോക്‌സഭയിൽ നടത്തിയ 55 മിനിട്ട് നീണ്ട പ്രസംഗം പ്രസിദ്ധമാണ്. പിന്നീട് മുസ്ളീം വ്യക്തി നിയമബോർഡിന്റെ വാദങ്ങൾ കേട്ട് രാജീവ് മലക്കം മറിഞ്ഞു. സുപ്രീംകോടതി വിധി മറികടക്കാൻ സർക്കാർ 1986ൽ മുസ്ളീം വിവാഹ മോചന സംരക്ഷണ നിയമം കൊണ്ടുവന്നു. അതിൽ പ്രതിഷേധിച്ച ഖാൻ നിയമം പാസാക്കുന്നതിന് മുൻപ് ലോക്‌സഭയിലെ പിൻസീറ്റിൽ ചെന്നിരുന്ന് മന്ത്രിസ്ഥാനത്തു നിന്നുള്ള രാജിക്കത്ത് എഴുതി. കോൺഗ്രസും വിട്ടു. ദേശീയ പൗരത്വ രജിസ്‌റ്ററിന് വഴി തെളിച്ച 1985ലെ ആസാം ഉടമ്പടിയെയും അദ്ദേഹം എതിർത്തിരുന്നു.

ഷബാനുകേസിലെ വിധിക്ക് അനുകൂലമായിരുന്ന രാജീവ് ഗാന്ധിയുടെ മനസുമാറ്റാൻ പ്രവർത്തിച്ചത് ഇപ്പോൾ ബി.ജെ.പിയിലുള്ള മുൻ കോൺഗ്രസ് നേതാവ് നജ്‌മാ ഹെപ്‌തുള്ളയാണെന്ന് ഖാൻ വെളിപ്പെടുത്തിയിരുന്നു.

കോൺഗ്രസ് വിട്ട ശേഷം വി.പി.സിംഗിനൊപ്പം ജൻമോർച്ചയിലൂടെ ജനതാദളിലേക്ക്. വി.പി.സിംഗ് സർക്കാരിൽ വ്യോമയാന മന്ത്രിയായി. പിന്നീട് മായാവതിയുടെ ബി.എസ്.പിയിൽ. ബഹ്‌റൈച്ചിൽ നിന്ന് കോൺഗ്രസ്, ജനതാദൾ, ബി.എസ്.പി പാർട്ടികളുടെ ലേബലിൽ ജയിച്ച നേതാവുമാണ് ഖാൻ.

2004ൽ ബി.ജെ.പിയിൽ ചേർന്നെങ്കിലും ക്ളച്ചു പിടിച്ചില്ല.ഖാന്റെ തീവ്രമുസ്ളീം വിരുദ്ധ നിലപാടുകളുടെ വില ബി.ജെ.പി തിരിച്ചറിഞ്ഞത് 2014ൽ നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷം. മുത്തലാഖ്, കാശ്ർമീർ വിഷയങ്ങളിൽ മോദിക്ക് പിന്തുണ. ന്യൂനപക്ഷങ്ങൾക്കൊപ്പമുണ്ട് എന്ന സന്ദേശവുമായാണ് ഖാനെ മോദി കേരളത്തിലേക്ക് അയയ്‌ക്കുന്നത്.

'ഖുറാൻ നേരിടുന്ന നവ വെല്ലുവിളികൾ' എന്ന ഖാന്റെ പുസ്‌തകം ശ്രദ്ധിക്കപ്പെട്ടു. ഭാര്യ രേഷ്‌മ. മക്കൾ: മുസ്‌തഫാ ആരിഫ്, കബീർ ആരിഫ്