manmohan-singh

ന്യൂഡൽഹി :നോട്ട് നിരോധനവും ജി. എസ്. ടി തെറ്റായി നടപ്പാക്കിയതും ഉൾപ്പെടെ മോദി സർക്കാരിന്റെ വികലമായ സാമ്പത്തിക നയങ്ങളാണ് രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ. മൻമോഹൻസിംഗ് പറഞ്ഞു. കഴിഞ്ഞ പാദത്തിലെ ആഭ്യന്തര വളർച്ച അഞ്ചു ശതമാനം മാത്രമാണെന്ന വെളിപ്പെടുത്തൽ തകർച്ചയുടെ ആഴം വ്യക്തമാക്കുന്നു. ഈ പ്രതിസന്ധി മനുഷ്യ സൃഷ്‌ടിയാണെന്നും വീഡിയോ സന്ദേശത്തിൽ സിംഗ് ആരോപിച്ചു.

സാമ്പത്തിക പ്രതിസന്ധി നേരിടാൻ രണ്ടാഴ്‌ചയായി സർക്കാർ വിവിധ നടപടികൾ പ്രഖ്യാപിക്കുന്നതിനിടെയാണ് മുൻ പ്രധാനമന്ത്രിയുടെ വിമർശനം.

ഇന്ത്യയ്‌ക്ക് മികച്ച സാമ്പത്തിക വളർച്ച കൈവരിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിരുന്നു. മോദി സർക്കാരിന്റെ കെടുകാര്യസ്ഥത വളർച്ചയെ ബാധിച്ചു. നോട്ട് നിരോധനം പോലുള്ള അബദ്ധവും ധൃതിപിടിച്ച് ജി.എസ്.ടി നടപ്പാക്കിയതും മൂലമുള്ള തളർച്ചയിൽ നിന്ന് സമ്പദ്‌ഘടന തിരിച്ചു വന്നിട്ടില്ല. മോദി സർക്കാരിന്റെ നയങ്ങൾ മൂലം വാഹനമേഖലയിൽ 3.5 ലക്ഷം തൊഴിലാണ് ഇല്ലാതായത്. ഇത് സമ്പദ്‌ഘടന മെച്ചപ്പെടുന്നതിന്റെ നല്ല ലക്ഷണമല്ല.

റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിൽ നിന്ന് 1.76ലക്ഷം കോടി രൂപ വാങ്ങിയത്. പ്രതിസന്ധി മറികടക്കാൻ സർക്കാരിന് യാതൊരു പദ്ധതിയുമില്ലാത്തതിന്റെ തെളിവാണ്. ബഡ്‌ജറ്റ് പ്രഖ്യാപനങ്ങളുടെ വിശ്വാസ്യത നഷ്‌ടമായി. നിക്ഷേപകരുടെ ആത്മവിശ്വാസം തകർന്നു. കയറ്റുമതി രംഗത്തെ അനുകൂല സാഹചര്യങ്ങൾ മുതലെടുക്കാനായില്ല. അതാണ് മോദി സർക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റ്.

ഇന്ത്യയ്‌ക്ക് ഇങ്ങനെ മുന്നോട്ടു പോകാനാകില്ല. ചെറുപ്പക്കാർ, കർഷകർ, വ്യവസായ സംരഭകർ, അസംഘടിത വിഭാഗക്കാർ തുടങ്ങിയവർക്ക് ഇതിലും മെച്ചപ്പെട്ടതിന് അർഹതയുണ്ട്. രാഷ്‌ട്രീയ പകപോക്കൽ ഉപേക്ഷിച്ച്,ചിന്തിക്കുന്ന മനുഷ്യരുടെ സഹായത്തോടെ ഈ മനുഷ്യ നിർമ്മിത പ്രതിസന്ധി ഇല്ലാതാക്കാനുള്ള വഴി തേടണമെന്നും മൻമോഹൻ ആവശ്യപ്പെട്ടു.

മൻമോഹന്റെ ആരോപണങ്ങൾ

നിർമ്മാണ മേഖലയിലെ വളർച്ച വെറും 0.6 %

ആഭ്യന്തര വിപണി പാടെ തളർന്നു.

ഉപഭോഗ നിരക്ക് 18 മാസത്തെ ഏറ്റവും കുറവ്

ജി.ഡി.പി വളർച്ച 15 വർഷത്തെ ഏറ്റവും കുറവ്

നികുതി വരുമാനത്തിൽ വലിയ വിടവ്

നികുതി ഭീകരത കച്ചവടക്കാരെ വേട്ടയാടുന്നു.

നിക്ഷേപകരുടെ വികാരങ്ങൾ പരിഗണിക്കുന്നില്ല.

അസംഘടിത മേഖലയിലും തൊഴിൽ നഷ്‌ടമുണ്ട്.

കർഷകരുടെ ഉൽപന്നങ്ങൾക്ക് വില ലഭിക്കുന്നില്ല

 ഗ്രാമീണ മേഖലയിൽ വരുമാന തകർച്ച

ഒഴിഞ്ഞു മാറി നിർമ്മല സീതാരാമൻ

സർക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റ് പിഴച്ചെന്ന മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ പ്രസ്‌താവനയോട് പ്രതികരിക്കാതെ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ഒഴിഞ്ഞു മാറി. അദ്ദേഹം അങ്ങനെ പറഞ്ഞോ? എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.