ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനം മൂലം ഫലഫൂയിഷ‌്ഠമായ കൃഷിയിടങ്ങൾ പോലും മരുപ്രദേശങ്ങളായി മാറുന്ന പ്രതിഭാസത്തിന് തടയിടാൻ ഐക്യരാഷ്‌ട്ര സംഘടിപ്പിക്കുന്ന 14-ാമത് കാലാവസ്ഥാ ഉച്ചകോടി ഇന്നുമുതൽ 13വരെ ഡൽഹി അതിർത്തിയായ നോയിഡയിൽ നടക്കും. മരുഭൂമിവത്‌കരണം നിയന്ത്രിക്കാനുള്ള നടപടികളും സർക്കാരുകൾ സ്വീകരിക്കേണ്ട നയങ്ങളും ഉച്ചകോടിയിൽ രൂപംകൊള്ളും. 200 രാജ്യങ്ങളിൽ നിന്നുള്ള 3000 പ്രതിനിധികൾ പങ്കെടുക്കും.
നിലവിൽ മരുഭൂമികളായ പ്രദേശങ്ങളെ ഒഴിവാക്കിയാണ് ഉച്ചകോടിയുടെ ചർച്ച. ജലാംശം നഷ്‌ടപ്പെട്ട് തരിശായി മാറുന്ന ഫലഫൂയിഷ്‌ഠമായ പ്രദേശങ്ങളെ പല വിഭാഗങ്ങളായി തിരിച്ചാണ് മരുഭൂമി വത്‌ക്കരണം ചർച്ച ചെയ്യുക. ഇന്ത്യയിൽ960 ലക്ഷം ഹെക്‌ടർ പ്രദേശമാണ്( 29.32 ശതമാനം) പച്ചപ്പ് നഷ്‌ടപ്പെട്ട് മരുഭൂമിയാകുന്നത്. മരുഭൂമിവത്ക്കരണം തടയാനുള്ള നടപടികൾ സർക്കാർ നയങ്ങളുടെ ഭാഗമാക്കാനും വരൾച്ചാ പ്രതിരോധ നടപടികൾക്ക് പ്രചാരണം നൽകാനുമാണ് ഉച്ചകോടിയുടെ ശ്രമം. മരുഭൂമിവത്ക്കരണം തടയാനുള്ള ഐക്യരാഷ്‌ട്രസഭയുടെ ഇടപെടലിന്റെ ഭാഗമായി 1994ൽ രൂപം നൽകിയ യുഎൻ കൺവെൻഷൻ ടു കംബാക്‌റ്റ് ഡെസർട്ടിഫിക്കേഷനും (യു.എൻ.സി.സി.ഡി) കേന്ദ്ര സർക്കാരും ചേർന്നാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
പച്ചപ്പുള്ള ഭൂമി മരുഭൂമികളാകുന്നത്:
മനുഷ്യരുടെ അമിതമായ ചൂഷണം അമിതമായ കന്നുകാലി മേയൽ വനനശീകരണം തെറ്റായ ജലസേചന മാർഗങ്ങൾ
പരിഹാരങ്ങൾ:
മണ്ണൊലിപ്പ് തടയൽ, മികച്ച ജലവിഭവ മാനേജ്‌മെന്റ്
ഡൽഹി ഉച്ചകോടിയുടെ പ്രധാന ചർച്ച:
പത്തു വർഷത്തിനുള്ളിൽ 50 ലക്ഷം ഹെക്‌ടർ തരിശു ഭൂമി വീണ്ടെടുക്കുക
ഇതിനായുള്ള 'ഡൽഹി പ്രഖ്യാപനം' പ്രമേയമായി അവതരിപ്പിച്ച് പാസാക്കൽ.
ഫോറസ്‌റ്റ് റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടുകളിൽ സെന്റർ ഒാഫ് എക്‌സലൻസ് സ്ഥാപിക്കൽ