swami-chinmayanda-

ന്യൂഡൽഹി: മുൻകേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ നിയമവിദ്യാർത്ഥിനി ഉന്നയിച്ച ലൈംഗിക പീഡന ആരോപണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ഉത്തർപ്രദേശ് സർക്കാരിന് സുപ്രീംകോടതി നിർദ്ദേശം നൽകി. ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ്.പിയും ഉണ്ടാകണം. അന്വേഷണം നിരീക്ഷിക്കാൻ ബെഞ്ച് രൂപീകരിക്കാൻ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും നി‌ർദ്ദേശം നൽകി.

സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിൽ, പെൺകുട്ടിയും കുടുംബവും ഉന്നയിച്ച പരാതികളും ആശങ്കകളും പരിഗണിച്ചാണ് ജസ്റ്റിസുമാരായ ആർ. ഭാനുമതി, എ.എസ്. ബൊപ്പണ്ണ എന്നിവരുടെ ബെഞ്ചിന്റെ നടപടി. ആരോപണത്തിന്റെ ശരിതെറ്റുകളെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി.

ചിന്മയാനന്ദിന്റെ ആശ്രമത്തിന് കീഴിലെ കോളേജിൽ നിന്ന് മറ്റൊരു കോളേജിലേക്ക് പെൺകുട്ടിയുടെ പഠനം മാറ്റാൻ നടപടിയെടുക്കുന്നത് പരിശോധിക്കാനും യു.പി സർക്കാരിന് നിർദ്ദേശം നൽകി.

സ്വാമി ചിന്മയാനന്ദിനെതിരെ വീഡിയോയിലൂടെ ആരോപണമുന്നയിച്ചശേഷം യു.പി ഷാജഹാൻപുരിലെ എസ്.എസ് ലാ കോളേജിലെ എൽഎൽ.എം വിദ്യാർത്ഥിനിയെ കാണാതാവുകയായിരുന്നു. പിന്നീട് പെൺകുട്ടിയെ ജയ്പൂരിൽ നിന്ന് പൊലീസ് കണ്ടെത്തി. സ്വയരക്ഷയ്ക്ക് വേണ്ടിയാണ് നാടുവിട്ടതെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. സുപ്രീംകോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയുമായി ജസ്റ്റിസുമാരായ ആർ. ഭാനുമതി, എ.എസ്. ബൊപ്പണ്ണ എന്നിവർ വെള്ളിയാഴ്ച ചേംബറിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.