unccd
ഡൽഹിയിൽ ഇന്നലെ തുടങ്ങിയ യു.എൻ ഉച്ചകോടിയുടെ ഉദ്ഘാടന വേദിയിൽ കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കറും ബബുൽ സുപ്രിയോയും

ന്യൂഡൽഹി: കേരളത്തിലും മഹാരാഷ്‌ട്രയിലും ഉത്തരാഖണ്ഡിലും ആവർത്തിക്കുന്ന പ്രളയവും ലാറ്റിൻ അമേരിക്കയെ വിഴുങ്ങുന്ന ആമസോൺ കാട്ടുതീയും മനുഷ്യർ താമസത്തിനും കൃഷിക്കുമായി ഭൂമിയിലെ പച്ചപ്പ് ഇല്ലാതാക്കുന്നതിന്റെ അനന്തരഫലമാണെന്ന് ഡൽഹിയിൽ ഇന്നലെ തുടങ്ങിയ യു.എൻ ഉച്ചകോടി മുന്നറിയിപ്പ് നൽകി. ഡൽഹി ഗ്രേറ്റർ നോയിഡയിൽ നടക്കുന്ന, മരുഭൂമിവത്‌കരണം തടയാനുള്ള 14-ാമത് യു.എൻ കംബാക്‌ട് സർട്ടിഫിക്കേഷൻ ഉച്ചകോടിയിൽ (യു.എൻ സി.സി.ഡി) ഇന്ത്യ അടക്കം 122 അംഗരാജ്യങ്ങളിലെ 7200 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

പ്രളയത്തിന്റെ ആവർത്തനത്തിന് കാരണം തിരിച്ചറിയണമെന്ന് ഉച്ചകോടി ഉദ്ഘാടനം ചെയ്ത കേന്ദ്ര വനം, പരിസ്ഥി മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. നമ്മുടെ പ്രവൃത്തിയാണ് ജൈവ വൈവിദ്ധ്യത്തിനും പച്ചപ്പിനും ഭീഷണിയാകുന്നത്. നാം തകർത്തത് നമ്മൾ തന്നെ തിരികെ കൊണ്ടുവരിക എന്നതാണ് യു.എൻ ഉച്ചകോടിയുടെ ലക്ഷ്യം.

വരൾച്ച, കാട്ടുതീ, മണ്ണൊലിപ്പ് എന്നിവ പ്രകൃതി ചൂഷണം മൂലമുള്ള പ്രതിഭാസങ്ങളാണെന്ന് ഉച്ചകോടിയുടെ യു.എൻ സി.സി.ഡി എക്‌സിക്യൂട്ടിവ് സെക്രട്ടറി ഇബ്രാഹിം തിയാവോ പറഞ്ഞു. എന്നാൽ ഗുണകരമായ മാറ്റങ്ങൾ സാദ്ധ്യമാകും. അതിനായുള്ള അവസരങ്ങൾ വിട്ടുകളയരുത്. വരൾച്ച തടയൽ പദ്ധതികളും മറ്റും കൂടുതൽ രാജ്യങ്ങൾ നടപ്പാക്കുന്നത് സ്വാഗതാർഹമാണ്.

അദ്ധ്യക്ഷസ്ഥാനം ഇന്ത്യയ്ക്ക്

രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന യു.എൻ സി.സി.ഡിയുടെ അദ്ധ്യക്ഷ സ്ഥാനം ചൈനയിൽ നിന്ന് ഇന്ത്യ ഏറ്റെടുത്തു. അടുത്ത സമ്മേളനം വരെ അതു തുടരും. ഇന്ത്യയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് നോഡൽ ഏജൻസി. 13 വരെയാണ് ഡൽഹി ഉച്ചകോടി.

മരുഭൂമികൾ ഉണ്ടാകുന്നത്

 ലോകത്തെ 70 ശതമാനം സ്ഥലവും മനുഷ്യൻ വിവിധ ആവശ്യങ്ങൾക്കായി മാറ്റിയെടുത്തു

 അത് 10 ലക്ഷത്തോളം ജീവിവർഗങ്ങളുടെ വംശനാശത്തിന് വഴി തെളിച്ചു

 പഴയ സ്വഭാവം തിരിച്ചു കിട്ടുന്നത് നാലിലൊന്ന് ഹെക്‌ടർ പ്രദേശത്തിന് മാത്രം

 ബാക്കി ഭാഗത്ത് പച്ചപ്പ് നഷ്‌ടപ്പെട്ട് ക്രമേണ മരുഭൂമിയാകുന്നു

 ജീവിതമാർഗം നഷ്‌ടപ്പെട്ട് 2050ഓടെ 70 കോടി ജനം കുടിയേറ്റക്കാരാകും

30 തീരുമാനങ്ങൾ

പത്തു ദിവസത്തെ ഡൽഹി ഉച്ചകോടിയിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഫലപ്രദമായി ഭൂമി ഉപയോഗിക്കാൻ സഹായിക്കുന്ന 30 തീരുമാനങ്ങൾ. തീരുമാനങ്ങൾ അടിസ്ഥാനമാക്കി രാജ്യങ്ങൾ നയരൂപീകരണം നടത്തി മരുഭൂമിവത്‌കരണത്തെ നിയന്ത്രിക്കണം.