ന്യൂഡൽഹി : ധീര പോരാളി വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ എയർ ചീഫ് മാർഷൽ ബി.എസ്. ധനോവയ്‌ക്കൊപ്പം മിഗ് 21 യുദ്ധവിമാനം പറത്തിയപ്പോൾ രാജ്യത്തിനത് പുളകം ചൊരിയുന്ന അഭിമാന നിമിഷമായി. ഇരുവരും ചേർന്ന് പത്താൻകോട്ട് എയർബേസിൽ നിന്ന് ഇന്നലെ രാവിലെ 11.30നാണ് മിഗ് 21 യുദ്ധവിമാനം പറത്തിയത്.
30 മിനിട്ടോളം പോർ വിമാനം പറത്തിയതായി വ്യോമസേന വക്താവ് അറിയിച്ചു. പാകിസ്ഥാനിൽ നിന്ന് മോചിതനായതിനെത്തുടർന്ന് കടുത്ത വൈദ്യപരിശോധനയ്ക്ക് വിധേയനായ അഭിനന്ദന്റെ പറക്കലിലേക്കുള്ള വിജയകരമായ തിരിച്ചുവരവാണ് ഇന്നലത്തെ ദൗത്യം. എന്നാൽ അഭിനന്ദന്റെ മുഖത്ത് ട്രേഡ് മാർക്കായ
മീശ ഇല്ലെന്നതാണ് മറ്റൊരു വിശേഷം.
ഫെബ്രുവരി 27 ന് അതിർത്തി ലംഘിച്ചെത്തിയ പാക് പോർ വിമാനങ്ങളെ തുരത്തുന്നതിനിടെ അഭിനന്ദന്റെ വിമാനം തകർന്നിരുന്നു. എന്നാൽ പാകിസ്ഥാന്റെ എഫ്- 16 പോർവിമാനം വെടിവച്ചിടാനും അഭിനന്ദനു സാധിച്ചു. തുടർന്ന് പാകിസ്ഥാന്റെ പിടിയിലായ അഭിനന്ദനെ രാജ്യാന്തര സമ്മർദ്ദങ്ങൾക്കൊടുവിലാണ് ഇന്ത്യയ്ക്ക് വിട്ടുകിട്ടിയത്. ആരോഗ്യ പരിശോധനകൾക്ക് ശേഷം ആറ് മാസത്തെ ഇടവേള കഴിഞ്ഞ് കഴിഞ്ഞ മാസം 22നാണ് അഭിനന്ദൻ തിരികെ കോക്പിറ്റിൽ പ്രവേശിച്ചത്. രണ്ടാഴ്ച മുമ്പുതന്നെ പരിശീലന പറക്കൽ ആരംഭിച്ചതായാണ് വിവരം. ശത്രുവിന്റെ കൈയിൽ അകപ്പെട്ടിട്ടും ഇന്ത്യയുടെ വ്യോമ രഹസ്യങ്ങൾ ചോരാതെ സൂക്ഷിച്ച അഭിനന്ദന്റെ ധീരതയ്ക്ക് രാജ്യം അദ്ദേഹത്തിന് വീരചക്ര ബഹുമതി നൽകി ആദരിച്ചിരുന്നു.
കാർഗിലും ബാലാകോട്ടും ഒന്നിച്ചു
അഭിനന്ദനൊപ്പം മിഗ് 21 പറത്താനായത് അഭിമാന നിമിഷമാണെന്ന് എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ പറഞ്ഞു.
ഇത് തന്റെ ഔദ്യോഗിക ജീവിതത്തിലെ അവസാന പരീക്ഷണ പറക്കലാണ്. താൻ അഭിനന്ദന്റെ പിതാവ് സിംഹക്കുട്ടി വർദ്ധമാനൊപ്പവും യുദ്ധ വിമാനത്തിൽ പറന്നിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ മകനൊപ്പവും സഞ്ചരിക്കാൻ അവസരം ലഭിച്ചു. ഇതിൽ തനിക്ക് ഇരട്ടി സന്തോഷമുണ്ടെന്നും ധനോവ പറഞ്ഞു.
താനും അഭിനന്ദനും തമ്മിൽ വളരെയധികം സാമ്യമുണ്ട്. തങ്ങൾ ഇരുവരും പാകിസ്ഥാനെതിരെ യുദ്ധം ചെയ്തവരും, വിമാനത്തിൽ നിന്ന് സ്വയം രക്ഷപ്പെട്ടവരുമാണ്. 1988 ലെ കാർഗിൽ യുദ്ധത്തിലാണ് താൻ സ്വയം ഇജക്ട് ചെയ്ത് വിമാനത്തിൽ നിന്നു രക്ഷപ്പെട്ടത്. അതിനുശേഷം ഒൻപത് മാസം കഴിഞ്ഞാണ് തിരികെ പ്രവേശിച്ചത്. എന്നാൽ അഭിനന്ദന് സ്വന്തം പദവിയിൽ പ്രവേശിക്കാൻ ആറ് മാസമേ വേണ്ടിവന്നുള്ളുവെന്നും ധനോവ പറഞ്ഞു. ഈ മാസം അവസാനം വിരമിക്കാനിരിക്കുകയാണ് ധനോവ. രണ്ടു പേർക്ക് ഇരിക്കാവുന്ന റഷ്യൻ നിർമ്മിത മിഗ് 21 വിമാനത്തിൽ ധനോവ മുൻ സീറ്റിൽ ഇരുന്നാണ് വിമാനം നിയന്ത്രിച്ചത്.