sha

ന്യൂഡൽഹി:ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ കേന്ദ്രധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിൻറെ സി.ബി.ഐ കസ്റ്റഡി ഇന്നത്തേക്ക് കൂടി നീട്ടി. ജാമ്യ ഹർജി സി.ബി.ഐ സ്പെഷൽ ജഡ്ജ് അജയ്കുമാർ കുഹാർ ഇന്ന് പരിഗണിക്കും. ഇന്നലെ ചിദംബരത്തെ റോസ്‌അവന്യൂ സി.ബി.ഐ കോടതിയിൽ ഹാജരാക്കിയപ്പോൾ ഒരു ദിവസത്തെ കസ്റ്റഡികൂടി സോളിസിറ്റർ ജനറൽ തുഷാർമേത്ത ആവശ്യപ്പെടുകയായിരുന്നു.

സി.ബി.ഐ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതിനെതിരെ ചിദംബരം നൽകിയ ഹർജി സുപ്രീംകോടതി ഇന്നലെ പരിഗണിച്ചെങ്കിലും ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചു. സി.ബി.ഐ കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ എഴുപത്തിനാലുകാരനായ ചിദംബരത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ തീഹാർ ജയിലിലേക്ക് അയക്കരുതെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു. എന്നാൽ വിചാരണകോടതിയെ സമീപിക്കാൻ നിർദ്ദേശിച്ച ജസ്റ്റിസ് ആർ.ഭാനുമതി അദ്ധ്യക്ഷയായ ബെഞ്ച് ജാമ്യഹർജിയിൽ വിചാരണകോടതി തീരുമാനമെടുത്തില്ലെങ്കിൽ സി.ബി.ഐ കസ്റ്റഡി വ്യാഴാഴ്ച വരെ തുടരുമെന്നും വ്യക്തമാക്കി. ഹർജി ഇന്ന് ഉച്ചയ്ക്ക് ശേഷം വീണ്ടും സുപ്രീംകോടതി പരിഗണിക്കും.