ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കേസിൽ അറസ്റ്റിലായ മുൻ കേന്ദ്ര ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന് നാളെ നിർണായക ദിനം. കള്ളപ്പണം വെളുപ്പിച്ചതിന് എൻഫോഴ്സ്മെന്റ് എടുത്ത കേസിൽ ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി നാളെ വിധി പറയും. വിചാരണക്കോടതിയുടെ ജാമ്യമില്ലാ വാറണ്ടും സി.ബി.ഐ കേസിൽ, കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത നടപടിയും ചോദ്യം ചെയ്തുള്ള ചിദംബരത്തിന്റെ ഹർജിയും നാളെ പരിഗണിക്കും. അതുവരെ ചിദംബരം സി.ബി.ഐ കസ്റ്റഡിയിൽ തുടരും. കസ്റ്റഡി കാലാവധി സുപ്രീംകോടതി നീട്ടിയതിനാൽ ജാമ്യാപേക്ഷ റോസ് അവന്യൂ സി.ബി.ഐ കോടതി നാളത്തേക്ക് മാറ്റി.
പരമാവധി കസ്റ്റഡി കാലാവധിയായ 15 ദിവസം നാളെ അവസാനിക്കുമെന്ന് ചിദംബരത്തിന്റെ അഭിഭാഷകൻ കപിൽ സിബൽ ഇന്നലെ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. തത്‌സ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ട സിബൽ ജാമ്യത്തിനായി സി.ബി.ഐ പ്രത്യേക കോടതിയിൽ നൽകിയ ഹർജിയുമായി അതുവരെ മുന്നോട്ടുപോകില്ലെന്നും അറിയിച്ചു. അതേസമയം ചിദംബരത്തെ കസ്റ്റഡിയിൽ വേണ്ടെന്നും ജുഡിഷ്യൽ കസ്റ്റഡിയിൽ വിടാമെന്നും സി.ബി.ഐക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. കസ്റ്റഡി കാലാവധി കഴിഞ്ഞാൽ സാധാരണ ജുഡിഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിലേക്ക് അയയ്ക്കുകയാണ് പതിവ്. എന്നാൽ വ്യാഴാഴ്ച വരെ ചിദംബരത്തെ തിഹാറിലേക്ക് അയയ്ക്കുന്നത് കോടതി കഴിഞ്ഞദിവസം വിലക്കിയിട്ടുണ്ട്. ജാമ്യം ലഭിച്ചില്ലെങ്കിൽ ചിദംബരം തിഹാറിലേക്ക് പോകേണ്ടിവരും.
ജി.ഡി.പി അഞ്ചു ശതമാനം; പരിഹാസവുമായി ചിദംബരം
റോസ്അവന്യൂ സി.ബി.ഐ കോടതിയിൽ നിന്ന് ഇന്നലെ മടങ്ങവെ സാമ്പത്തിക മാന്ദ്യ വിഷയത്തിൽ മോദി സർക്കാരിനെ പി. ചിദംബരം പരിഹസിച്ചു. കോടതിക്ക് പുറത്തുവച്ച് സി.ബി.ഐ കസ്റ്റഡിയെക്കുറിച്ച് ചോദിച്ച മാദ്ധ്യമപ്രവർത്തകരോട് "അഞ്ചു ശതമാനം.. ജി.ഡി.പി അഞ്ചു ശതമാനം" എന്ന മറുപടിയാണ് ചിദംബരം നൽകിയത്.
എയർസെൽ കേസിലും വിധി നാളെ
എയർസെൽ മാക്സിസ് അഴിമതി കേസിൽ ചിദംബരവും മകൻ കാർത്തി ചിദംബരവും നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഡൽഹി സി.ബി.ഐ സ്പെഷ്യൽ കോടതി നാളെ വിധി പറയും. ഇരുവർക്കും അതുവരെ ഇടക്കാല ജാമ്യമുണ്ട്. 2006ൽ യു.പി.എ സർക്കാരിൽ ധനമന്ത്രിയായിരിക്കെ എയർസെൽ മാക്സിസ് കമ്പനിയിൽ വിദേശ നിക്ഷേപത്തിന് നിയമവിരുദ്ധമായി അനുമതി നൽകിയതിലെ ക്രമക്കേടിനാണ് കേസ്. 3,560 കോടി നിക്ഷേപിക്കാനുള്ള പദ്ധതി 180 കോടിയുടേതാണെന്ന് തെറ്റായി കാണിച്ചായിരുന്നു ഇടപാട്. ഇതിലൂടെ 1.16 കോടി രൂപ കൈക്കൂലിയായി ലഭിച്ചുവെന്നാണ് ആരോപണം.