ന്യൂഡൽഹി: രാജ്യത്തെ പട്ടണി മരണവും പോഷകാഹാരക്കുറവും പരിഹരിക്കാൻ സമൂഹ അടുക്കളകൾ തുടങ്ങാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകണമെന്ന ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. ആക്ടിവിസ്റ്റുകളായ അനുൺ ധവാൻ, ഇഷാൻ ധവാൻ , കുനാജനസിംഗ് എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനായ ബെഞ്ച് സർക്കാരിൻറെ മറുപടി തേടിയത്. 2018ലെ ഫുഡ് ആൻറ് അഗ്രികൾച്ചറൽ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ 195.9 മില്യൺ കുടുംബങ്ങൾ പോഷകാഹാരക്കുറവ് നേരിടുന്നതായി ഹർജിക്കാർ ചൂണ്ടിക്കാട്ടി. സമൂഹ അടുക്കളയെന്ന ആശയം പുതിയതല്ല. തമിഴ്നാട് സർക്കാരിന്റെ അമ്മ ഉണവഗം, രാജസ്ഥാനിലെ അന്നപൂർണ രസോയി, കർണാടകയിലെ ഇന്ദിര കാൻറീൻ, ഡൽഹിയിലെ ആംആദ്മി കാൻറീൻ, ആന്ധ്രപ്രദേശിലെ അണ്ണാകാൻറീൻ, ജാർഖണ്ഡിലെ മുഖ്യമന്ത്രി ദാൽ ഹട്ട്, ഒഡീഷയിലെ ആഹാർ സെൻറർ എന്നിവ കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നുണ്ട്. ഇതേ മാതൃകയിൽ സൗജന്യമായോ കുറഞ്ഞനിരക്കിലോ ഭക്ഷണം ഉറപ്പാക്കുന്ന പദ്ധതി രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.