പെട്രോൾ ഇറക്കുമതി കുറയ്‌ക്കും
പെട്രോളിൽ ചേർക്കുന്ന എഥനോളിന് വിലകൂട്ടി
ന്യൂഡൽഹി: പെട്രോളിൽ ചേർക്കാനുള്ള എഥനോളിന്റെ വില വർദ്ധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകി. ഡിസംബർ ഒന്നുമുതൽ പുതിയ വിലയിലാകും എണ്ണ കമ്പനികൾ പഞ്ചസാര മില്ലുകളിൽ നിന്ന് എഥനോൾ ശേഖരിക്കുക. രാജ്യത്തെ കരിമ്പ് കർഷകരെ സഹായിക്കാനാണ് തീരുമാനം. പെട്രോളിൽ ചേർക്കുന്ന എഥനോളിന്റെ അളവു കൂട്ടാനും പെട്രോൾ ഇറക്കുമതി കുറച്ച് 100 കോടി ഡോളർ ( 7,000 കോടി രൂപ ) വരെ ലാഭിക്കാനും സർക്കാർ ആലോചിക്കുന്നു.
സി ഹെവി മൊളാസസിൽ (കരിമ്പിൻ ചണ്ടി ) നിന്നുള്ള എഥനോളിന് ലിറ്ററിന് 29 പൈസ വർദ്ധിച്ച് 43.75രൂപയും ബി ഹെവി മൊളാസസിൽ നിന്നുള്ള എഥനോളിന് ലിറ്ററിന് 1.84രൂപ വർദ്ധിച്ച് 54.27 രൂപയുമാകും. കരിമ്പ് ജ്യൂസ്, സിറപ്പ് എന്നിവയിൽ നിന്നുള്ള എഥനോളിന് 59.48രൂപ വില നിശ്‌ചയിച്ചു.
പെട്രോളിൽ ചേർക്കാൻ ശേഖരിക്കുന്ന എഥനോളിന്റെ അളവ് 2019 ഡിസംബറിനും 2020 നവംബറിനും ഇടയിൽ 260 കോടി ലിറ്ററായി വർദ്ധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രിസഭാ തീരുമാനം അറിയിച്ച കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. ഇപ്പോൾ പെട്രോളിലെ എഥനോളിന്റെ അളവ് ആറു ശതമാനമാക്കും. 2021-22ൽ പത്തു ശതമാനമായി വർദ്ധിപ്പിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.