dk

ന്യൂഡൽഹി: കർണാടകത്തിലെ പ്രമുഖ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഡി.കെ. ശിവകുമാറിനെ ഹവാലാ കേസിൽ എൻഫോഴ്‌സ്മെന്റ് അറസ്‌റ്റു ചെയ്‌തു. ഡൽഹിയിലെ ഇ.ഡി ഒാഫീസിൽ വെള്ളിയാഴ്‌ച മുതൽ ചോദ്യം ചെയ്യലിനു വിധേയനാകുന്ന ശിവകുമാർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു പറഞ്ഞാണ് അറസ്‌റ്റ്. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഡൽഹിയിൽ അറസ്‌റ്റിലാകുന്ന രണ്ടാമത്തെ കോൺഗ്രസ് നേതാവാണ് ശിവകുമാർ. സി.ബി.ഐ അറസ്‌റ്റു ചെയ്‌ത മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം റിമാൻഡിലാണ്.

വെള്ളിയാഴ്‌ച മുതൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ദിവസവും എട്ടുമണിക്കൂറോളം ശിവകുമാറിനെ ചോദ്യം ചെയ്‌തിരുന്നു. ഇന്നലെ രാവിലെ 11 മണിക്കു തുടങ്ങിയ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്‌റ്റ്. ഇ.ഡി ആസ്ഥാനത്തു നിന്ന് ശിവകുമാറിനെ ആശുപത്രിയിലെത്തിച്ച് പരിശോധനകൾക്കു വിധേയനാക്കി. ഇന്ന് കോടതിയിൽ ഹാജരാക്കും.

2017ൽ ഡി.കെ. ശിവകുമാറിന്റെയും, സഹോദരനും എം.പിയുമായ ഡി.കെ. സുരേഷിന്റെയും സുഹൃത്തുക്കളുടെയും വസതിയിലും ഒാഫീസിലും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ എട്ടുകോടി രൂപ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ ശിവകുമാർ തയ്യാറാകുന്നില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ പറയുന്നു.

വിനായക ചതുർത്ഥിയുമായി ബന്ധപ്പെട്ട് മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ ബംഗളൂരിവിലേക്കു പോകണമെന്ന ശിവകുമാറിന്റെ ആവശ്യം ഉദ്യോഗസ്ഥർ തള്ളിയിരുന്നു. അറസ്റ്റിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ഡൽഹി ഖാൻമാർക്കറ്റിലെ ഒാഫീസിനു മുന്നിൽ സംഘടിച്ചത് സംഘർഷത്തിന് ഇടയാക്കി. ചോദ്യം ചെയ്യലിനെതിരെ ശിവകുമാർ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ആഗസ്‌റ്റ് 30-ന് അദ്ദേഹം ഡൽഹിയിൽ എത്തിയത്. ഹവാലാ കേസിന് അടിസ്ഥാനമില്ലെന്നാണ് കനകപുര എം.എൽ.എ ആയ ശിവകുമാറിന്റെ വാദം.

2017ൽ ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എം.എൽ.എമാരെ ബി.ജെ.പി ചാക്കിട്ടു പിടിക്കുമെന്ന ആശങ്കയിൽ ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള കർണാടകയിലെ റിസോർട്ടിലാണ് പാർപ്പിച്ചിച്ചത്. ആദായ നികുതി വകുപ്പും ഇ.ഡിയും അന്നു മുതലാണ് ശിവകുമാറിനെ കുടുക്കാൻ നീക്കം തുടങ്ങിയതും. കർണാടക കോൺഗ്രസിനെ നിർണായക സാഹചര്യങ്ങളിൽ സഹായിക്കുന്നത് വ്യവസായിയായ ശിവകുമാറാണ്. ആദായ നികുതി, ഇ.ഡി വകുപ്പുകളെ ഉപയോഗിച്ച് ബി.ജെ.പി സർക്കാർ രാഷ്‌ട്രീയ പകപോക്കൽ നടത്തുകയാണെന്ന് കോൺഗ്രസും ജെ.ഡി.എസും ആരോപിച്ചു.