ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നിയമവിദ്യാർത്ഥിനിക്കും സഹോദരനും മറ്റൊരു കോളേജിൽ പഠനം തുടരാൻ സുപ്രീംകോടതി അനുമതി നൽകി. പുതിയ കോളേജിൽ അഡ്മിഷന് അപേക്ഷിക്കാൻ നാലാഴ്ചത്തെ സമയം നൽകി. ആരോപണമുന്നയിച്ചതിന്റെ പേരിൽ പഠനം മുടങ്ങുന്നത് ഒഴിവാക്കാനാണിത്. ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ ചിന്മയാനന്ദ് ആശ്രമത്തിന് കീഴിലുള്ള എസ്.എസ് ലാ കോളേജിലാണ് പെൺകുട്ടി എൽ.എൽ.എം പഠിക്കുന്നത്. സഹോദരൻ ഇവിടെ എൽ.എൽ.ബി വിദ്യാർത്ഥിയാണ്. പെൺകുട്ടിയെ ബറെയ്‌ലിയിലെ മഹാത്മ ജ്യോതിബാ ഫുലെ റോഹിൽഖണ്ഡ് സർവകലാശാലയിലേക്കും സഹോദരന് ശ്രീജി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലീഗൽ ആൻഡ് വൊക്കേഷണൽ സ്റ്റഡീസിലേക്കുമാണ് മാറ്റിയത്. ഹോസ്റ്റൽ സൗകര്യവും ഒരുക്കണം. ഇരുവർക്കും അഡ്മിഷൻ നൽകാനായി കോളേജിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ബാർ കൗൺസിലിനോടും നിർദ്ദേശിച്ചു. നിലവിൽ ഡൽഹിയിലുള്ള പെൺകുട്ടിക്കും കുടുംബത്തിനും ഷാജഹാൻപുരിലെ വീട്ടിലേക്ക് മടങ്ങുന്ന കാര്യത്തിൽ സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു. വീട്ടിലെത്തുന്നതുവരെ സുരക്ഷയൊരുക്കാൻ ഡൽഹി പൊലീസിനും നിർദ്ദേശം നൽകി. പെൺകുട്ടിയുടെ പഠനം മാറ്റുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയതായി യു.പി സർക്കാർ ഇന്നലെ കോടതിയെ അറിയിച്ചു. സ്വാമി ചിന്മയാനന്ദിനെതിരെ വീഡിയോയിലൂടെ ആരോപണമുന്നയിച്ചശേഷം വിദ്യാർത്ഥിനിയെ കാണാതാവുകയായിരുന്നു. പിന്നീട് പെൺകുട്ടിയെ ജയ്‌പൂരിൽ നിന്ന് പൊലീസ് കണ്ടെത്തി. സ്വയരക്ഷയ്ക്ക് വേണ്ടിയാണ് നാടുവിട്ടതെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. സുപ്രീംകോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയുമായി ജസ്റ്റിസുമാരായ ആർ. ഭാനുമതി, എ.എസ്. ബൊപ്പണ്ണ എന്നിവർ വെള്ളിയാഴ്ച ചേംബറിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ആരോപണം അന്വേഷിക്കാൻ ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.