d-k-sivakumar

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ഡി.കെ ശിവകുമാറിനെ ഈ മാസം 13 വരെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടു. അഭിഭാഷകർക്കും കുടുംബാംഗങ്ങൾക്കും ദിവസവും 30 മിനുട്ട് ശിവകുമാറിനെ സന്ദർശിക്കാനും റോസ്അവന്യൂ സി.ബി.ഐ കോടതി സ്പെഷ്യൽ ജഡ്ജ് അജയ് കുമാർ കുഹാർ അനുമതി നൽകി.

ശിവകുമാറിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കളിൽ അത്ഭുതകരമായ വർദ്ധനയാണുള്ളതെന്നും ചോദ്യം ചെയ്യാൻ 14 ദിവസം കസ്റ്റഡിയിൽ വേണമെന്നും ഇ.ഡിക്കായി അഡിഷണൽ സോളിസിറ്റർ ജനറൽ കെ.എൻ നടരാജ് ആവശ്യപ്പെട്ടു. സ്വത്ത് സമ്പാദനത്തിന് ഡി.കെ കർണാടകയിലെ ചില സർക്കാർ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി. ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല. ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നു. അന്വേഷണം വഴിതെറ്റിക്കാൻ ബോധപൂർവം ശ്രമിക്കുന്നു. റെയ്ഡിൽ കണ്ടെടുത്ത പണത്തെക്കുറിച്ച് ഇതുവരെ വിശദീകരിച്ചിട്ടില്ല. ഡി.കെയുടെയും കുടുംബത്തിന്റെയും സ്വത്തുക്കളിലെ ക്രമാതീത വർദ്ധന സംബന്ധിച്ചും ചോദ്യം ചേയ്യേണ്ടതുണ്ട്. അന്വേഷണം നിർണായക ഘട്ടത്തിലാണ്. ജാമ്യ ഹർജിയിൽ മറുപടി നൽകാൻ ഏഴുദിവസം വേണമെന്നും ഇ.ഡി ആവശ്യപ്പെട്ടു.

അതേസമയം കസ്റ്റഡിയിൽ വിടുന്നതിനെ ശിവകുമാറിന് വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്‌വി എതിർത്തു. ശിവകുമാർ ഒളിച്ചോടിയിട്ടില്ല. 34 മണിക്കൂറോളം ഇ.ഡി ചോദ്യം ചെയ്തു. കുറ്റം സമ്മതിക്കാൻ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തുകയാണ്. കുറ്റം സമ്മതിക്കാത്തത് എങ്ങനെ അന്വേഷണത്തോട് സഹകരിക്കാതിരിക്കലാകും. ഇന്നലെ ഭക്ഷണംപോലും നൽകിയില്ല. 2017 ആഗസ്റ്റിൽ നടന്ന ആദായനികുതി റെയ്ഡുമായി ബന്ധപ്പെട്ട് ഇ.ഡി കേസെടുത്തത് കഴിഞ്ഞ വർഷമാണ്. ആദായനികുതി നിയമത്തിലെ 276 ,277 ,278 വകുപ്പുകളുടെ ലംഘനത്തിനുള്ള കേസുകൾ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ പരിധിയിൽ വരില്ല. ഈ വകുപ്പുകൾ പ്രകാരമുള്ള നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തതാണ്. അതിനാൽ ഇ.ഡി കേസ് നിലനിൽക്കില്ലെന്നും സിംഗ്‌വി വാദിച്ചു.

 ആശുപത്രിയിൽ നേതാക്കളെ തടഞ്ഞു

ഡൽഹിയിലെ ഇ.ഡി ഓഫീസിൽ വെള്ളിയാഴ്ച മുതൽ തുടർച്ചയായി നാലു ദിവസം ചോദ്യം ചെയ്യലുകൾക്ക് ശേഷം ചൊവ്വാഴ്ച രാത്രിയാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാംമനോഹർ ലോഹ്യ ആശുപത്രിയിൽ ആരോഗ്യപരിശോധനയ്ക്ക് വിധേയനാക്കിയശേഷം വൈകിട്ടാണ് സി.ബി.ഐ കോടതിയിൽ ഹാജരാക്കിയത്. രാവിലെ ആശുപത്രിയിലെത്തിയ കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അടക്കമുള്ള നേതാക്കൾക്ക് ശിവകുമാറിനെ സന്ദർശിക്കാനുള്ള അനുമതി ലഭിച്ചില്ല. .ശിവകുമാറിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കർണാടകയ്ക്കു പുറമേ ഡൽഹിയിലും പ്രതിഷേധമുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കോലം കത്തിച്ചു. ബസിന് നേരെ കല്ലേറുണ്ടായി.

''വ്യക്തികളെ തിരഞ്ഞെുപിടിച്ച് ഇ.ഡി, സി.ബി.ഐ ഏജൻസികളെ ഉപയോഗിച്ച് സർക്കാർ നടത്തുന്ന പ്രതികാര രാഷ്ട്രീയത്തിന്റെ മറ്റൊരു ഉദാഹരണമാണ് ശിവകുമാറിന്റെ അറസ്റ്റ്" - രാഹുൽ ഗാന്ധി

''രാജ്യത്ത് രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇത്തരം രാഷ്ട്രീയ നാടകങ്ങളിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്"- കെ.സി വേണുഗോപാൽ