ന്യൂഡൽഹി: കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 എക്കാലത്തേക്കും നിലനിൽക്കേണ്ടതാണെന്ന അഭിപ്രായം തനിക്കില്ലെന്ന് ഡോ. ശശി തരൂർ എം.പി പറഞ്ഞു.
ദ ഹിന്ദു വേ എന്ന തന്റെ പുതിയ പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി സ്തുതിയെത്തുടർന്ന് കോൺഗ്രസിനുള്ളിൽ നിന്നുതന്നെ രൂക്ഷ വിമർശനം ഏറ്റു വാങ്ങിയതിന് പിന്നാലെയാണ് അടുത്ത വിവാദത്തിന് ശശി തരൂർ തിരികൊളുത്തിയത്. ജമ്മുകാശ്മീർ ഇന്ത്യയുടെ അഭിഭാജ്യ ഘടകമാണ്.പ്രത്യേക പദവി എക്കാലത്തും നിലനിറുത്തണമെന്ന് നെഹ്റു പോലും പറഞ്ഞിട്ടില്ല.
കാശ്മീരിലെ ജനതയോട് അഭിപ്രായം തേടാതെ പ്രത്യേക പദവി എടുത്തു മാറ്റിയിടത്താണ് തെറ്റു സംഭവിച്ചിരിക്കുന്നത്. നാഷണൽ കോൺഫറൻസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളോട് ചർച്ച ചെയ്യേണ്ടിയിരുന്നു.
വിശ്വാസം ഹനിക്കാതെ
രാമക്ഷേത്രം നിർമ്മിക്കാം
മറ്റു മതസ്ഥരുടെ വിശ്വാസങ്ങൾ ഹനിക്കാതെ അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാമെന്നും തരൂർ പറഞ്ഞു. അയോദ്ധ്യയിൽ നേരത്തെ ഒരു അമ്പലം നിലനിന്നിരുന്നതായി പറയപ്പെടുന്നു. അയോധ്യയുമായി ബന്ധപ്പെട്ട വിശ്വാസം ആഴത്തിൽ പരിശോധിച്ചാൽ അവിടെ ഒരു ക്ഷേത്രത്തിന് പ്രസക്തിയുണ്ട്. എന്നാൽ മറ്റ് മതസ്ഥരുടെ വിശ്വാസം തകർത്തുകൊണ്ടാകരുത് ക്ഷേത്ര നിർമാണമെന്നും ശശി തരൂർ പറഞ്ഞു. ഇരുകൂട്ടരും സമാധാനത്തിൽ ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും അത് പള്ളി തകർക്കുന്നതിലടക്കമാണ് അവസാനിച്ചത്. ആ വിഷയം ഇപ്പോൾ കോടതിയിലാണെന്നും അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കുന്നതിലും തെറ്റില്ലെന്ന് ശശി തരൂർ തുടർന്ന് പറഞ്ഞു.