aircel-case

ന്യൂഡൽഹി: എയർസെൽ മാക്സിസ് അഴിമതി കേസിൽ മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിനും മകൻ കാർത്തിചിദംബരത്തിനും മുൻകൂർ ജാമ്യം. ഡൽഹി സ്പെഷ്യൽ കോടതി ജഡ്ജ് ഒ.പി സെയ്നിയാണ് ജാമ്യം അനുവദിച്ചത്. ആരോപിക്കപ്പെടുന്ന കുറ്റം നടന്ന കാലവും അന്വേഷണത്തിലെ അകാരണമായ താമസവും പരിഗണിച്ച കോടതി പ്രതികൾ തെളിവ് നശിപ്പിക്കാനോ സാക്ഷികളോ ഭീഷണപ്പെടുത്താനോ നിയമത്തിന് മുന്നിൽ നിന്ന് ഒളിച്ചോടാനോ ഉള്ള സാദ്ധ്യതയില്ലെന്ന് വിലയിരുത്തി.രാഷ്ട്രീയ പ്രേരിതമായ കേസാണെന്ന് ആരോപിച്ച ചിദംബരവും കാർത്തിയും അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നതിനാൽ അറസ്റ്റ് ആവശ്യമില്ലെന്ന് വാദിച്ചു.

2006ൽ യു.പി.എ സർക്കാരിൽ ധനമന്ത്രിയായിരിക്കെ എയർസെൽ മാക്സിസ് കമ്പനിയിൽ വിദേശ നിക്ഷേപത്തിന് നിയമവിരുദ്ധമായി അനുമതി നൽകിയെന്നാണ് ആരോപണം. ഇതിലൂടെ 1.16 കോടി രൂപ കൈക്കൂലിയായി ലഭിച്ചുവെന്നാണ് ആരോപണം. 2011ൽ സി.ബി.ഐയാണ് ആദ്യം കേസെടുത്തത്. പിന്നീട് കള്ളപ്പണം വെളുപ്പിക്കലിന് ഇ.ഡിയും കേസ് രജിസ്റ്റർ ചെയ്തു. ചിദംബരം, കാർത്തി ചിദംബരം എന്നിവരെ കൂടാതെ ചാർട്ടേഡ് അക്കൗണ്ടന്റ് എസ്. ഭാസ്‌കര രമണൻ, മലേഷ്യൻ പൗരൻ അഗസ്റ്റസ് റാൽഫ് മാർഷൽ, മുൻ എയർസെൽ സി.ഇ.ഒ വി. ശ്രീനിവാസൻ, മലേഷ്യൻ കമ്പനികളായ എയർസെൽ ടെലിവെഞ്ച്വേഴ്സ്, ആസ്ട്രോ ആൾ ഏഷ്യ നെറ്റ്‌വർക്ക്സ്, മാക്സിസ് മൊബൈൽ എസ്.ഡി.എൻ ബി.എച്ച്.ഡി, ഭുമി അർമാഡ ബെർഹദ് എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്.