chidambaram

ഏഴാം നമ്പർ ജയിലാകും ലഭിക്കുക അകത്തായത് ഐ.എൻ.എക്സ് മീഡിയ കേസിൽ

ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻകേന്ദ്രധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തെ ഡൽഹി സി.ബി.ഐ കോടതി സെപ്തംബർ 19 വരെ തിഹാർ ജയിലിലടച്ചു. മരുന്നുകൾ കൊണ്ടുപോകാൻ അനുവദിച്ച സ്പെഷ്യൽ കോടതി ജഡ്ജി അജയ് കുമാർ കുഹാർ പ്രത്യേക സെൽ, ബെഡ്, ബാത്ത്റൂം തുടങ്ങിയവ വേണമെന്ന ചിദംബരത്തിന്റെ ആവശ്യവും അംഗീകരിച്ചു. നിലവിൽ ഇസെഡ് സുരക്ഷയുള്ള ചിദംബരത്തിന് ആവശ്യമായ എല്ലാ സുരക്ഷയും ജയിലിൽ ഒരുക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. തിഹാറിലെ ഏഴാം നമ്പർ ജയിലാകും ചിദംബരത്തിന് ലഭിക്കുക.കസ്റ്റഡി കാലാവധിയായ 15 ദിവസം ഇന്നലെ പൂർത്തിയായതോടെയാണ് ചിദംബരത്തെ കോടതി 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

ഇ.ഡി കേസിലും തിരിച്ചടി

കള്ളപ്പണം വെളുപ്പിക്കലിന് എൻഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീംകോടതി ചിദംബരത്തിന് മുൻകൂർ ജാമ്യം നിഷേധിച്ചു. ജസ്റ്റിസ് ആർ.ഭാനുമതി അദ്ധ്യക്ഷയായ ബെഞ്ച് സ്വഭാവിക ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി. സാമ്പത്തിക കുറ്റകൃത്യങ്ങൾ സമൂഹത്തിന്റെ ചട്ടക്കൂടിനെ ബാധിക്കും. എല്ലാ ഘട്ടത്തിലും കോടതി ഇടപെടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.

കീഴടങ്ങാൻ ഒരുങ്ങി

ഇ.ഡി ഗൗനിച്ചില്ല

മുൻകൂർജാമ്യം സുപ്രീംകോടതി നിഷേധിച്ചതോടെ ഏത് നിമിഷവും ചിദംബരത്തെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കാമായിരുന്നെങ്കിലും എൻഫോഴ്സ്‌മെന്റ് വിഭാഗം അതിന് തയാറാകാത്തത് തിഹാർ ഒഴിവാക്കാനുള്ള ചിദംബരത്തിന്റെ ശ്രമത്തിന് തിരിച്ചടിയായി.

ഇ.ഡി അറസ്റ്റ് ചെയ്യുകയാണെങ്കിൽ തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്കാണ് മാറ്റുക.കള്ളപ്പപ്പക്കേസിൽ അറസ്റ്റിലായ കർണാടക കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ ഇവിടെയാണുള്ളത്. എന്നാൽ അറസ്റ്റിന് ഇ.ഡി നീങ്ങാതിരുന്നതോടെ ജഡ്ജ് അജയ് കുമാർ കുഹാറിന് മുന്നിൽ രണ്ട് വഴികളാണുണ്ടായിരുന്നത്.- ജാമ്യത്തിൽ വിടുക, അല്ലെങ്കിൽ ജയിലിലടയ്ക്കുക.

ജാമ്യത്തിൽ വിടുന്നതിനെ സി.ബി.ഐ ശക്തമായി എതിർത്തു. ജുഡിഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന നിയമമില്ലെന്നും ഓരോ ഘട്ടത്തിലെയും സാഹചര്യങ്ങൾ വിലയിരുത്തി ജഡ്ജി തീരുമാനമെടുക്കണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു. ഇ.ഡി കേസിൽ കീഴടങ്ങാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ വസ്തുതകളും സാഹചര്യവും കുറ്റകൃത്യത്തിന്റെ സ്വഭാവവും പരിഗണിക്കുമ്പോൾ റിമാൻഡ് ചെയ്യുന്നതാണെന്ന് ഉചിതമെന്ന് വ്യക്തമാക്കി കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.