ratul-

ന്യൂഡൽഹി: അഗസ്റ്റവെസ്റ്റ്ലാൻഡ് ഹെലികോപ്ടർ ഇടപാട് കേസിൽ അറസ്റ്റിലായ വ്യവസായി രതുൽ പുരിയെ ഡൽഹി കോടതി ആറ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സെന്റട്രൽ ബാങ്ക് ഒഫ് ഇന്ത്യയിൽ നിന്ന് 354 കോടി രൂപ തട്ടിച്ചുവെന്ന കേസിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ ബന്ധുവായ രതുൽ പുരി നേരത്തെ തന്നെ എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ്. അഗസ്റ്റാ വെസ്റ്റ്‌ലാൻഡ് ഹെലികോപ്ടർ ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാട് കേസുകളാണ് രതുൽ പുരി നേരിടുന്നത്. രതുലിന്റെ 254 കോടിയുടെ ബിനാമി ഓഹരികൾ ആദായനികുതി വകുപ്പ് അടുത്തിടെ കണ്ടുകെട്ടിയിരുന്നു. കോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട് ലഭിച്ചതെന്ന് കരുതുന്ന ആസ്തിയാണ് ഇത്. ഈ കേസിൽ അറസ്റ്റിലായ ദുബായിലെ ഇടനിലക്കാരൻ രാജീവ് സക്‌സേനയുടെ കടലാസ് കമ്പനികളിൽ നിന്നാണ് രതുലിന്റെ നേതൃത്വത്തിലുള്ള സ്ഥാപനത്തിന് പണം ലഭിച്ചതെന്നാണ് നികുതി വകുപ്പിന്റെ വാദം. ഇലക്ട്രോണിക് സ്ഥാപനമായ മോസർബെയറിന്റെ സീനിയർ എക്‌സിക്യൂട്ടീവായിരുന്നു രതുൽ പുരി.