alka

 കോൺഗ്രസിലേക്കെന്ന് സൂചന

ന്യൂഡൽഹി: ഏറെ നാളത്തെ അസ്വാരസ്യങ്ങൾക്ക് വിരാമമിട്ട് ആം ആദ്മി എം.എൽ.എ അൽക്കാ ലാംബ പാർട്ടി വിട്ടു. 'വിടപറയാൻ സമയമായി. ഗുഡ്‌ബൈ എ.എ. പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു. കഴിഞ്ഞ ആറ് വർഷത്തെ യാത്രയിൽ ഒരുപാട് പഠിക്കാനായി. എല്ലാവർക്കും നന്ദി ' - അൽക്കാ ട്വീറ്റ് ചെയ്തു.

പാർട്ടി അദ്ധ്യക്ഷൻ അരവിന്ദ് കേജ്‌രിവാൾ രാജി അംഗീകരിച്ചു.

ചാന്ദ്നിചൗക്കിൽ നിന്നുള്ള എം.എൽ.എയായ അൽക്ക ലാംബ (43)​​ കോൺഗ്രസിൽ ചേരാനുള്ള താത്പര്യം നേരത്തേ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഏതാനും ദിവസം മുമ്പ് അൽക്ക ലാംബ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദർശിച്ചതോടെ എ.എ.പിയിൽ നിന്ന് ഉടൻ രാജിവച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു.
സിക്ക് വിരുദ്ധ കലാപത്തിന്റെ പേരിൽ മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാരത രത്ന പുരസ്‌കാരം പിൻവലിക്കണമെന്ന ആം ആദ്മി പ്രമേയത്തിനെതിരെ അൽക്ക രംഗത്തെത്തിയതോടെയാണ് കേജ്‌രിവാളുമായി ഇടയുന്നത്. 2013ൽ ആം ആദ്മിയിൽ ചേരുന്നതിന് മുമ്പ് 20 വർഷത്തോളം അൽക്ക കോൺഗ്രസ് പ്രവർത്തകയായിരുന്നു.