ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റ് കനയ്യകുമാർ അടക്കം 10 പേർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ലെന്ന് ഡൽഹി സർക്കാർ. കനയ്യകുമാറിനെതിരെ കുറ്റപത്രം സമർപ്പിക്കാൻ അനുമതി തേടി ഡൽഹി പൊലീസ് അപേക്ഷ നൽകിയിരുന്നു.
2016ൽ ജെ.എൻ.യുവിൽ നടന്ന അഫ്‌സൽ ഗുരു അനുസ്മരണ പരിപാടിയിൽ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നാണ് കേസ്. അന്നത്തെ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായിരുന്ന കനയ്യകുമാർ, വിദ്യാർത്ഥികളായ ഉമർ ഖാലിദ്, അനീർബൻ ഭട്ടാചര്യ എന്നിവരടക്കം 10 പേർക്കെതിരെയാണ് പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയത്. 1200 പേജുള്ള കുറ്റപത്രവും തയ്യാറാക്കി. പക്ഷേ, വിചാരണാനുമതി നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. വിഷയത്തിൽ സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന നിലപാടിലാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിൽ ഇക്കാര്യം തെളിയിക്കുന്നില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. കേസ് 18ന് കോടതി പരിഗണിക്കും.
കുറ്റപത്രത്തിൽ പറയുന്ന ഐ.പി.സി 124 എ രാജ്യദ്രോഹം, സി.ആർ.പി.സി 196 ക്രിമിനൽ ഗൂഢാലോചന എന്നിവ നിലനിൽക്കില്ലെന്നാണ് ഡൽഹി സർക്കാർ നിലപാട്. കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും വസ്തുതകൾക്ക് നിരക്കുന്നതല്ല. കുറ്റപത്രം നിലനിൽക്കില്ലെന്ന് നിയമോപദേശം ലഭിച്ചതായും സർക്കാർ പറയുന്നു. സർക്കാരുമായി അഭിപ്രായ ഭിന്നത നിലനിൽക്കുന്നതിനാൽ ലെഫ്റ്റനന്റ് ഗവർണർ ഇനി എന്ത് നിലപാട് സ്വീകരിക്കും എന്നത് ശ്രദ്ധേയമാണ്. നേരത്തെ സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിക്കുന്നതിന് മുമ്പ് കുറ്റപത്രം സമർപ്പിച്ചതിന് ഡൽഹി പൊലീസിനെ കോടതി വിമർശിച്ചിരുന്നു.