supreme-court

ന്യൂഡൽഹി: തീരദേശനിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി ഫ്ലാറ്റുകൾ സെപ്തംബർ 20നുള്ളിൽ പൊളിക്കാൻ കർശനനിർദ്ദേശം നൽകി. ഉത്തരവ് നടപ്പാക്കിയതിന് ശേഷം കേസ് വീണ്ടും പരിഗണിക്കുന്ന 23ന് ചീഫ് സെക്രട്ടറി നേരിട്ട് കോടതിയിൽ ഹാജരാകണം.

ഉത്തരവ് നടപ്പാക്കാത്തതിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ''സുപ്രീംകോടതി ഉത്തരവുകൾ കേരളം നടപ്പാക്കുന്നില്ല. നിങ്ങളെന്താണ് ചെയ്യുന്നതെന്നും എന്താണ് നടക്കുന്നതെന്നും ഞങ്ങൾക്കറിയാം'' ജസ്റ്റിസ് അരുൺ മിശ്ര വാക്കാൽ പറഞ്ഞു.

ഉത്തരവ് നടപ്പാക്കാൻ കുറഞ്ഞത് നാലാഴ്ച എങ്കിലും അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. ഓണമായതിനാൽ ഉദ്യോഗസ്ഥർ അവധിയിൽപോകും. ഫ്ലാറ്റുകൾ പൊളിക്കുമ്പോഴുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ ഉൾപ്പെടെയുള്ളവയിൽ ഐ.ഐ.ടി പഠനം വേണമെന്നും സർക്കാർ പറഞ്ഞു. ഈ വാദങ്ങളെല്ലാം കോടതി തള്ളി.

ഇതെല്ലാം തന്ത്രമാണ്. ഞങ്ങൾക്ക് ഓണമില്ല. ഒരു ദിവസം പോലും കൂടുതൽ തരില്ല. പത്ത് ദിവസം തന്നെ അധികമാണ്- ജസ്റ്റിസ് അരുൺമിശ്ര പറഞ്ഞു.

പൊളിക്കേണ്ട ഫ്ളാറ്റുകൾ

ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്‌ത്ത്, ജയിൻ ഹൗസിംഗ്, കായലോരം അപ്പാർട്ട്മെന്റ്, ആൽഫ വെഞ്ച്വേഴ്സ് എന്നീ ഫ്ളാറ്റുകൾ ഒരു മാസത്തിനുള്ളിൽ പൊളിക്കാൻ മേയ് എട്ടിനാണ് ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.