jnu

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഡൽഹി ഹൈക്കോടതി 17 വരെ തടഞ്ഞു. അൻഷുമാൻ ദുബെ, അമിത് കുമാർ ദ്വിവേദി എന്നീ വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സഞ്ജീവ് സച്ചദേവയുടെ ഉത്തരവ്.

കൗൺസിലർ സ്ഥാനങ്ങൾ 55 ൽ നിന്ന് 46 ആയി കുറച്ചത് ചോദ്യം ചെയ്തായിരുന്നു ഒരു ഹർജി. ഈ തീരുമാനം ലിംഗ്‌ദോ കമ്മിറ്റിയുടെ ശുപാർശകൾക്ക് വിരുദ്ധമാണെന്നും തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് വിദ്യാർത്ഥി യൂണിയന്റെ ഘടനയിൽ മാറ്റം വരുത്താൻ അധികാരമില്ലെന്നും ഹർജിക്കാരൻ വാദിച്ചു. യഥാസമയം പത്രിക സമർപ്പിച്ചിട്ടും സ്വീകരിച്ചില്ലെന്നായിരുന്നു രണ്ടാമത്തെ ഹർജി. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് പത്രിക നൽകിയതെങ്കിലും സ്വീകരിച്ചില്ലെന്നും പരാതിയിൽ ആരോപിക്കുന്നു.17ന്‌ കേസ് വീണ്ടും പരിഗണിച്ച് വിധി പറയും വരെ ഔദ്യോഗിക ഫലപ്രഖ്യാപനം പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു.

വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിൽ 67.9 ശതമാനം പേരാണ്‌ വോട്ട് ചെയ്തിരുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന വോട്ടിംഗ് ശതമാനമാണിത്. ഇടതു സഖ്യവും എ.ബി.വി.പിയും തമ്മിലാണ് പ്രധാന മത്സരം.