ന്യൂഡൽഹി: ഓട്ടിസം ബാധിതരെപ്പോലെ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കുവേണ്ടി സി.ബി.എസ്.ഇ സമഗ്രമായ പ്രത്യേക പാഠ്യപദ്ധതി കൊണ്ടുവരാൻ ഒരുങ്ങുന്നു. രാജ്യത്തെ 20,000ത്തോളം വരുന്ന സി.ബി.എസ്.ഇ സ്‌കൂളുകളിൽ ഇത്തരത്തിലുള്ള നൂറുകണക്കിന് കുട്ടികൾ പഠിക്കുന്നത് പരിഗണിച്ചാണ് ഈ നീക്കം. ഇവരെ പ്രത്യേക ക്ലാസുകളിലാക്കി പുതിയ പഠന സമ്പ്രദായം നടപ്പിലാക്കാനാണ് ഒരുങ്ങുന്നത്.
ഡൽഹി ഐ.ടി.എൽ സ്‌കൂൾ പ്രിൻസിപ്പൽ സുധ ആചാര്യയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസമിതി പദ്ധതിയുടെ കരടുരേഖ തയ്യാറാക്കും. അദ്ധ്യാപനം, ക്ലാസ്‌മുറികൾ, അടിസ്ഥാനസൗകര്യങ്ങൾ, പരീക്ഷ, പഠനരീതി തുടങ്ങിയ കാര്യങ്ങളിൽ നവീനരീതികൾ കൊണ്ടുവരും. നിലവിൽ സാധാരണ വിദ്യാർത്ഥികൾക്കൊപ്പമാണ് ഇത്തരം കുട്ടികൾ പഠിക്കുന്നത്. അതിനാൽ പ്രത്യേക പരിഗണന വേണ്ട വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികൾ മനസിലാക്കാൻ അദ്ധ്യാപകർക്കു സാധിക്കുന്നില്ലെന്നാണ് സി.ബി.എസ്.ഇ അധികൃതരുടെ കണ്ടെത്തൽ. ഇത്തരം കുട്ടികളെ കൈകാര്യം ചെയ്യേണ്ട രീതിയെക്കുറിച്ച് വികസിത രാജ്യങ്ങൾക്കുള്ള അറിവ് ഇന്ത്യയിൽ വേണ്ടതോതിലില്ല. അതിനാൽ, ഇത്തരം വിദ്യാർത്ഥികൾക്ക് ആവശ്യമായ പരിഗണന ലഭിക്കുന്നില്ല. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് ശ്രദ്ധ കിട്ടിയാൽ മറ്റുള്ളവരെപ്പോലെ അവർക്കും പുരോഗതിയുണ്ടാവുമെന്നാണ് വിലയിരുത്തൽ.
വിഷയത്തിൽ ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ ഡോ. ഷെഫാലി ഗുലാത്തി, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹെൽത്ത് ആൻഡ് ലൈഫ് സ്‌കിൽസിലെ ഡോ. ജിതേന്ദ്ര നാഗ്പാൽ തുടങ്ങിയ വിദഗ്ദ്ധരുടെ അഭിപ്രായം സി.ബി.എസ്.ഇ തേടിയിട്ടുണ്ട്. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കായി പാഠ്യപദ്ധതിയും അദ്ധ്യാപനരീതിയും പരിഷ്‌കരിക്കണമെന്നാണ് വിദ്യാഭ്യാസ വിദഗ്ദ്ധരുടെ അഭിപ്രായം. കഴിഞ്ഞ ഏതാനും വർഷത്തെ പത്ത്, പ്ലസ്ടു ബോർഡ് പരീക്ഷാഫലം വിലയിരുത്തിയാണ് പ്രത്യേക പരിഗണന വേണ്ട കുട്ടികൾക്കായി പാഠ്യപദ്ധതി ഏർപ്പെടുത്താൻ സി.ബി.എസ്.ഇ തീരുമാനിച്ചത്.