ന്യൂഡൽഹി: 'ജമ്മു കാശ്മീരിനുണ്ടായിരുന്നത് പ്രത്യേക പദവിയല്ല, പ്രത്യേക വിവേചനമായിരുന്നു. ആ വിവേചനം എടുത്തുമാറ്റിയതോടെ കാശ്മീരികളും മറ്റ് ഇന്ത്യക്കാരെപ്പോലെയായി. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ ഭൂരിപക്ഷം കാശ്മീരികളും അനുകൂലിക്കുന്നുവെന്ന് ഉറപ്പാണ്' - ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഡൽഹിയിൽ പറഞ്ഞു. മേഖലയിൽ മനഃപൂർവം കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ശ്രമമുണ്ടെന്നും പാകിസ്ഥാന്റെ നീക്കങ്ങൾ അറിഞ്ഞതിന് ശേഷം മാത്രമേ പ്രദേശത്തെ നിയന്ത്രണങ്ങൾ പിൻവലിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു
കാശ്മീരിൽ സ്ഥതിഗതികൾ നിയന്ത്രണവിധേയമാണ്. 199ൽ 10 പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രമാണ് നിരോധനാജ്ഞ നിലനിൽക്കുന്നത്. ടെലിഫോൺ ബന്ധം പൂർണമായും പുനഃസ്ഥാപിച്ചു. പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ ഭൂരിഭാഗം കാശ്മീരികളും അംഗീകരിക്കുന്നു. മുൻകരുതൽ നടപടിയെന്ന നിലക്ക് മാത്രമാണ് മെഹ്ബൂബ മുഫ്തി, ഉമർ അബ്ദുള്ള തുടങ്ങിയ നേതാക്കളെ തടവിലിട്ടിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ സംഘടിപ്പിക്കുന്ന സാഹചര്യം ഭീകരർ ഉപയോഗപ്പെടുത്താൻ സാദ്ധ്യതയുണ്ട്. ആർക്കെതിരെയും ക്രിമിനൽ കുറ്റമോ രാജ്യദ്രോഹമോ ചുമത്തിയിട്ടില്ല.
എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയാനാണ് ആഗ്രഹം. എന്നാൽ, പാകിസ്ഥാൻ ഭാഗത്തുനിന്നുള്ള നടപടികൾക്ക് അനുസരിച്ചായിരിക്കുമിത്. ഭീകരവാദം മാത്രമാണ് കാശ്മീരിനെ അശാന്തമാക്കാൻ പാകിസ്ഥാന് മുന്നിലുള്ള മാർഗം. ഏതാനും ഭീകരർ കശ്മീരിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ട്. അധികം പേരെയും പിടികൂടിക്കഴിഞ്ഞു. പാക് അതിർത്തിയിലെ ടവറുകൾ വഴി ഭീകരർ ആശയവിനിമയം നടത്തുന്നുണ്ട്. നുഴഞ്ഞുകയറിയ ഭീകരരും പാക് അധികൃതരും കൈമാറിയ സന്ദേശങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. കോഡ് ഭാഷയിലൂടെ നിർദേശങ്ങൾ നൽകുന്നത് കണ്ടെത്തിയതായും ഡോവൽ പറഞ്ഞു. ജമ്മു കാശ്മീരിന്റെ 92 ശതമാനം മേഖലയിലും നിയന്ത്രണങ്ങൾ ഒഴിവാക്കിയതായി ഡോവൽ അവകാശപ്പെട്ടു. സൈന്യം നടത്തിയെന്നാരോപിക്കുന്ന അതിക്രമങ്ങളെ ഡോവൽ ന്യായീകരിച്ചു. ഭീകരരെ നേരിടുക മാത്രമാണ് കാശ്മീരിൽ സൈന്യം ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു.