ram-jathmalani

ന്യൂഡൽഹി: മുൻ കേന്ദ്രനിയമന്ത്രിയും കോടതിമുറികളെ പ്രകമ്പനം കൊള്ളിച്ച പ്രമുഖ അഭിഭാഷകനും രാജ്യസഭാംഗവുമായ രാം ജത്‌മലാനി അന്തരിച്ചു. 95 വയസായിരുന്നു. 96ാം പിറന്നാളിന് ആറുദിവസം ശേഷിക്കെ, ഡൽഹി അക്ബർറോഡിലെ വസതിയിൽ ഇന്നലെ രാവിലെ 7.45നായിരുന്നു അന്ത്യം. കുറച്ചുനാളായി വാർദ്ധക്യസഹജമായ അസുഖങ്ങൾ അലട്ടിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖർ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

ആറ് തവണ രാജ്യസഭാംഗവും രണ്ട് തവണ ലോക്‌സഭാംഗവുമായി. 2016ൽ ബീഹാറിൽ നിന്ന് ആർ.ജെ.ഡി ടിക്കറ്റിലാണ് രാജ്യസഭയിലെത്തിയത്. ബി.ജെ.പി, ജനതാദൾ,ആർ.ജെ.ഡി പാർട്ടികളിൽ പ്രവർത്തിച്ചു. 1987ൽ ഭാരത് മുക്തി മോർച്ച,1995ൽ പവിത്ര ഹിന്ദുസ്ഥാൻ കഴകം എന്നീ രാഷ്ട്രീയ പാർട്ടികൾ രൂപീകരിച്ചും രാഷ്ട്രീയ ജീവിതം സംഭവബഹുലമാക്കി.

അടിയന്തരാവസ്ഥയെ ശക്തമായി വിമർശിച്ച രാം ജത്‌മലാനി 1977ലും 1980ലും ബി.ജെ.പി ടിക്കറ്റിൽ ബോംബെ നോർത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്ന് ലോക്സഭയിലെത്തി. വാജ്പേയി മന്ത്രിസഭയിൽ1998ൽ നഗരകാര്യവും 1999ൽ നിയമവകുപ്പും കൈകാര്യം ചെയ്തു. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് 2000ത്തിൽ മന്ത്രിസ്ഥാനം രാജിവച്ചു. 2004ൽ ലക്‌നൗവിൽ വാജ്പേയിക്കെതിരെ ലോക്‌സഭയിലേക്ക് സ്വതന്ത്രനായി മത്സരിച്ചെങ്കിലും തോറ്റു. 2010ൽ ബി.ജെ.പിയിൽ മടങ്ങിയെത്തി. പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് 2013ൽ പുറത്തായി.

ദുർഗ ജത്‌മലാനി , രത്ന ജത്‌മലാനി എന്നിവരാണ് ഭാര്യമാർ. മഹേഷ് ജത്‌മലാനി ,റാണി, ശോഭ, ജനക് എന്നിവരാണ് മക്കൾ. മഹേഷും റാണിയും പ്രമുഖ അഭിഭാഷകരാണ്.