jnu

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാല ( ജെ.എൻ.യു) വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടത് വിദ്യാർത്ഥി സഖ്യത്തിന് മുൻതൂക്കം. രണ്ട് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശപത്രിക തള്ളിയത് ചോദ്യംചെയ്തുള്ള ഹർജിയിൽ ഫലം പ്രഖ്യാപിക്കുന്നത് 17വരെ ഡൽഹി ഹൈക്കോടതി തടഞ്ഞതിനാൽ ഇന്നലെ വോട്ടെണ്ണൽ പൂർത്തിയായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

പ്രസിഡന്റ് സ്ഥാനത്ത് എസ്.എഫ്.ഐയുടെ ഐഷി ഘോഷിന് 2313 വോട്ട് ലഭിച്ചു. രണ്ടാമതെത്തിയ എ.ബി.വി.പിയുടെ മനീഷ് ജാംഗിദിന് 1128 വോട്ടാണ് കിട്ടിയത്. 2006ലാണ് അവസാനം എസ്.എഫ്.ഐ പ്രസിഡന്റ് സ്ഥാനത്ത് ജയിച്ചത്. വൈസ് പ്രസിഡന്റ് ഡി.എസ്.എഫിലെ സാകേത് മൂണിന് 3365 വോട്ടും ജനറൽ സെക്രട്ടറി ഐസയുടെ സതീഷ ചന്ദ്ര യാദവിന് 2518 വോട്ടും ജോയിന്റ് സെക്രട്ടറി എ.ഐ.എസ്.എഫിലെ മുഹമ്മദ് ഡാനിഷിന് 3298 വോട്ടും ലഭിച്ചു. നോട്ടയ്ക്ക് 500 നുമുകളിൽ വോട്ടു ലഭിച്ചിട്ടുണ്ട്. എൻ.എസ്.യു - എം.എസ്.എഫ് സഖ്യത്തിലെ മലയാളി വിദ്യാർത്ഥി വിഷ്ണുപ്രസാദടക്കം മൂന്നുപേർ കൗൺസിലർ പോസ്റ്റിൽ മുന്നിലെത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 5762 വിദ്യാർത്ഥികളാണ് വോട്ടുരേഖപ്പെടുത്തിയത്. ഇതിൽ 5150 വോട്ടുകൾ എണ്ണിയതായി ഔദ്യോഗിക അറിയിപ്പ്. ഇതുപ്രകാരം ഇടത് പാനലിൽ മത്സരിച്ച വിദ്യാർത്ഥികൾക്ക് ആയിരത്തിലേറെ വോട്ടിന്റ് ഭൂരിപക്ഷമുണ്ട്. പ്രസിഡന്റ് , വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ പ്രധാന നാല് പോസ്റ്റുകളിലും രണ്ടാം സ്ഥാനത്ത് എത്തിയ എ.ബി.വി.പിയേക്കാൾ ഇരട്ടിയിലധികം വോട്ടുകളാണ് എസ്.എഫ്.ഐ, ഡി.എസ്.എഫ്, ഐസ, എ.ഐ.എസ്.എഫ് സംഘടനകളടങ്ങിയ ഇടതു സഖ്യത്തിന് ലഭിച്ചത്.