pm-modi
prime minister modi, narendra modi, modi

ന്യൂഡൽഹി: നൂറുദിവസം കൊണ്ട് മോദി സർക്കാർ ചരിത്രപരമായ നിരവധി തീരുമാനങ്ങൾ നടപ്പാക്കിയതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. കേന്ദ്ര സർക്കാരിന്റെ നൂറു ദിവസത്തെ നേട്ടങ്ങൾ വിശദീകരിക്കുന്ന 'ജൻ കണക്ട്' പത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. അസാധാരണ വേഗത്തിലാണ് കേന്ദ്രസർക്കാർ സുപ്രധാന തീരുമാനങ്ങൾ നടപ്പാക്കിയത്. ആദ്യ നൂറുദിനങ്ങളിൽ ഇത്രയും ജനസൗഹൃദ തീരുമാനങ്ങൾ മറ്റൊരു സർക്കാരും എടുത്തിട്ടില്ലെന്നും ജാവദേക്കർ പറഞ്ഞു.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി നിയമം കൊണ്ടുവന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് നേട്ടങ്ങളുടെ പട്ടികയിൽ മുഖ്യം. സർക്കാരിന്റെ നൂറു ദിന നേട്ടങ്ങൾ സംബന്ധിച്ച് ഇന്നും നാളെയുമായി 15 കേന്ദ്രമന്ത്രിമാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വാർത്താസമ്മേളനം നടത്തും. നിതിൻ ഗഡ്കരി മുംബയിലും സ്മൃതി ഇറാനി കൊൽക്കത്തയിലും നിർമ്മല സീതാരാമൻ ചെന്നൈയിലും വാർത്താ സമ്മേളങ്ങളിൽ പങ്കെടുക്കും.

അതേസമയം, ദുർഭരണവും അരാജകത്വവുമാണ് മോദി സ‌ർക്കാരിന്റെ നൂറു ദിനങ്ങളെന്ന് കോൺഗ്രസ് പ്രതികരിച്ചു. വികസനമില്ലാത്ത നൂറു ദിനങ്ങൾക്ക് അഭിനന്ദനമെന്ന് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ട്വിറ്ററിൽ പരിഹസിച്ചു. ഓട്ടോമൊബൈൽ മേഖലയിലടക്കമുള്ള തകർച്ച ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്.