ന്യൂഡൽഹി: തെക്കനേഷ്യയിലെ തന്നെ ഏറ്റവും വലിയ തടവുകേന്ദ്രമായ, ന്യൂഡൽഹിയിലെ തിഹാർ ജയിലിൽ തടവുകാരെക്കൊണ്ട് തിങ്ങി നിറഞ്ഞതോടെ അക്രമങ്ങൾ നിത്യസംഭവമായി.5,200 പേർക്ക് മാത്രം താമസിക്കാൻ സൗകര്യമുള്ള ജയിലിൽ 16,000 പേരാണ് ഇപ്പോഴുള്ളത്. രാജ്യത്തെ കൊടുംകുറ്റവാളികളെയടക്കം പാർപ്പിച്ചിരിക്കുന്ന അതീവ സുരക്ഷ ഒരുക്കേണ്ട ജയിലിനാണ് ഈ ദുർഗതി.തടവിൽ കഴിയുന്ന കുപ്രസിദ്ധ മോഷ്ടാക്കളും കൊലക്കേസ് പ്രതികളും ഗുണ്ടകളും ഗാംഗ്സ്റ്റർമാരും പണവും സ്വാധീനവും ഉപയോഗിച്ച് ജയിലിനുള്ളിൽ ഗുണ്ടാവിളയാട്ടം നടത്തുന്നുണ്ടെന്നാണ് വിവരം. ഗ്രൂപ്പുകളായി തിരിഞ്ഞ് പരസ്പരം പോരടിക്കുന്നതും പതിവാണത്രേ. ഫോണും സുഭിക്ഷ ഭക്ഷണവും ലഹരി വസ്തുക്കളുമൊക്കെയായി ജയിൽ ജീവിതം ആർഭാടമായി ആസ്വദിക്കുന്നവരാണ് ഇതിൽ പലരും. ജയിലധികൃതർ പോലും കുറ്റവാളികളെ പേടിച്ചാണ് ജയിലിനുള്ളിൽ കഴിയുന്നതെന്നത് പരസ്യമായ രഹസ്യമാണ്.
ജയിലിനുള്ളിൽ അന്തേവാസികളുടെ എണ്ണം കുറയ്‌ക്കാനും കുറ്റവാളികൾ തമ്മിലുള്ള സംഘർഷം ഒഴിവാക്കാനുമായി തമിഴ്നാട്ടിലെയും ഒഡിഷയിലെയും ആളൊഴിഞ്ഞ ജയിലുകളിലേക്ക് കൊടുംകുറ്റവാളികളെ മാറ്റാൻ അനുമതി ആവശ്യപ്പെട്ട് ജയിൽ അധികൃതർ ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. ആഭ്യന്തര വകുപ്പ് ഇതിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.1957ൽ പണികഴിപ്പിച്ച തിഹാർ ജയിൽ ആദ്യം പഞ്ചാബ് സർക്കാരിന്റെ ഉടമസ്ഥതയിലായിരുന്നു. 1966 ൽ ഡൽഹി സർക്കാരിന് കൈമാറി. അന്ന് ജയിലിലെ അന്തേവാസികളുടെ എണ്ണം 1,234. 1984ൽ ഡൽഹി സർക്കാർ നടത്തിയ നിർമ്മാണപ്രവർത്തനങ്ങളാണ് തെക്കേ ഏഷ്യയിലെ ഏറ്റവും വലിയ ജയിലാക്കി തിഹാറിനെ മാറ്റിയത്.
65 ഏക്കറിലെ കൂറ്റൻ ജയിൽ
ന്യൂഡൽഹിക്ക് പടിഞ്ഞാറ് ചാണക്യപുരയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെ ഹരിനഗറിലാണ് തിഹാർ ജയിൽ.
തുറന്ന ജയിൽ, പാതി തുറന്ന ജയിൽ, കുട്ടികൾക്കും സ്ത്രീകൾക്കുമായി പ്രത്യേക ജയിൽ, കൊടുംകുറ്റവാളികൾക്കായി മറ്റൊരു ജയിൽ തുടങ്ങി 9 വിഭാഗങ്ങൾ തിഹാറിലുണ്ട്.
2,300 പേർ കൊടുംകുറ്റവാളികൾ
1957ൽ പണികഴിപ്പിച്ച തിഹാർ ജയിൽ ആദ്യം പഞ്ചാബ് സർക്കാരിന്റെ ഉടമസ്ഥതയിലായിരുന്നു. 1966 ൽ ഡൽഹി സർക്കാരിന് കൈമാറി. അന്ന് ജയിലിലെ അന്തേവാസികളുടെ എണ്ണം 1,234. 1984ൽ ഡൽഹി സർക്കാർ നടത്തിയ നിർമ്മാണപ്രവർത്തനങ്ങളാണ് തെക്കേ ഏഷ്യയിലെ ഏറ്റവും വലിയ ജയിലാക്കി തിഹാറിനെ മാറ്റിയത്.
ഐ.എൻ.എക്സ് കേസിൽ അറസ്റ്റിലായ മുൻകേന്ദ്രമന്ത്രി പി.ചിദംബരമാണ് തിഹാർ ജയിലിൽ കഴിയുന്ന പ്രമുഖൻ. അഗസ്റ്റാ വെസ്റ്റ്ലാന്റ് കേസിൽ അറസ്റ്റിലായ ക്രിസ്റ്റ്യൻ മിഷേൽ, രാഹുൽ പുരി, കൊടും കുറ്റവാളികളായ മഞ്ജിത്ത് മഹൽ, നീരജ് ബാവന, ജിതേന്ദ് ജോഗി, പ്രദീപ് സോളങ്കി തുടങ്ങിയവർ നിലവിൽ തിഹാറിലെ അന്തേവാസികളാണ്.
കൊടുംകുറ്റവാളികളെ മറ്റ് ജയിലുകളിലേക്ക് മാറ്റാനുള്ള അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ പലരെയും വിചാരണയ്‌ക്കായി കോടതിയിൽ ഹാജരാക്കേണ്ടി വരും. വീഡിയോ കോൺഫറൻസിംഗ് വഴി ഈ പ്രശ്നവും പരിഹരിക്കാം.
-സന്ദീപ് ഗോയാൽ,
ഡൽഹി ജയിൽ ഡി.ജി.പി