ന്യൂഡൽഹി: ഉന്നതവിദ്യാഭ്യാസ രംഗത്തെ സമഗ്രമാറ്റം ലക്ഷ്യമാക്കി യു.ജി.സിയും (യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷൻ) എ.ഐ.സി.ടി.ഇയു. ( ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷൻ) ലയിപ്പിച്ച് ഉന്നത വിദ്യാഭ്യാസ കമ്മിഷന് (ഹയർ എഡ്യൂക്കേഷൻ കമ്മിഷൻ ഒഫ് ഇന്ത്യ,-എച്ച്.ഇ.സി.ഐ.) അന്തിമരൂപമായി. കേന്ദ്ര മാനവശേഷി മന്ത്രാലയം തയ്യാറാക്കിയ ബിൽ അടുത്തമാസം കാബിനറ്റിന്റെ പരിഗണനയ്ക്ക് സമർപ്പിക്കും.

നിലവിൽ രാജ്യത്തെ 40 കേന്ദ്ര സർവ്വകലാശാലകളുടെ പ്രവർത്തനവും അക്രഡിറ്റേഷനും യു.ജി.സിയുടെ കീഴിലും, സാങ്കേതിക സർവകലാശാലകളുടേത് എ.ഐ.സി.ടി.ഇയുടെ കീഴിലുമാണ്. .ഇവ രണ്ടും സംയോജിപ്പിച്ചാണ് ഏകീകത കമ്മിഷൻ രൂപീകരിക്കുന്നത്. യു.ജി.സി. നിയമം റദ്ദാക്കി ഉന്നത വിദ്യാഭ്യാസ കമ്മിഷൻ രൂപീകരിക്കാനുള്ള നിയമത്തിന്റെ കരട് 2018ൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയിരുന്നു. . എന്നാൽ, വിവിധ മേഖലകളിൽ നിന്നുള്ള എതിർപ്പിനെ തുടർന്ന് സർക്കാർ പിന്മാറുകയായിരുന്നു.

കമ്മിഷന്റെ

അധികാരങ്ങൾ

അക്കാഡമിക് മേഖല കേന്ദ്രീകരിച്ചുള്ള പ്രവർത്തനമാവും ഉന്നത വിദ്യാഭ്യാസ കമ്മിഷന്റേത്.

ഇതിനാവശ്യമായ ഗ്രാന്റ് അനുവദിക്കുന്നത് മാനവശേഷി മന്ത്രാലയത്തിൽ നിന്നാവും.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലുള്ള ഇടപെടൽ പരമാവധി കുറയ്ക്കുക, ഉന്നതവിദ്യാഭ്യാസ

നിലവാരം പുലർത്താത്ത സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കുക, വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് പിഴയോ, ജയിൽ ശിക്ഷയോ നൽകുക തുടങ്ങിയ അധികാരങ്ങൾ കമ്മിഷന് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.

കമ്മിഷന്റെ

ഘടന

ചെയർ പേഴ്‌സൺ, വൈസ് ചെയർ പേഴ്‌സൺ, 12 അംഗങ്ങൾ എന്നിവരുൾപ്പെടുന്നതാണ് കമ്മിഷൻ. കമ്മിഷൻ സെക്രട്ടറി മെമ്പർ സെക്രട്ടറിയായിരിക്കും. വിദ്യാഭ്യാസവിചക്ഷണരെയും അക്കാഡമിക്, ഗവേഷണരംഗത്ത് പ്രാഗല്ഭ്യം തെളിയിച്ചവരെയുമാവും ചെയർപേഴ്‌സൺ, വൈസ് ചെയർ പേഴ്‌സൺ തസ്തികകളിലേക്ക് പരിഗണിക്കുക.

പന്ത്രണ്ട് അംഗങ്ങളിൽ മൂന്ന് പേർ കേന്ദ്ര സർക്കാരിന്റെ പ്രതിനിധികളായിരിക്കും. ഉന്നത വിദ്യാഭ്യാസ , നൈപുണ്യ വികസന മന്ത്രാലയ , ശാസ്ത്ര സാങ്കേതിക സെക്രട്ടറിമാരാണ് ഇവർ.