narendra-modi
NARENDRA MODI

ന്യൂഡൽഹി: പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക്കിനോട് വിട പറയേണ്ട കാലമെത്തിയിരിക്കുന്നെന്നും വരും വർഷങ്ങളിൽ ഇന്ത്യയിൽ പൂർണമായും പ്ലാസ്റ്റിക് നിരോധിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡൽഹി ഗ്രേറ്റർ നോയിഡയിൽ നടക്കുന്ന, മരുഭൂമിവത്‌കരണം തടയാനുള്ള 14-ാമത് യു.എൻ കംബാക്‌ട് ഡെസർട്ടിഫിക്കേഷൻ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടോടെ ആറ് തരത്തിലുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങൾ രാജ്യത്ത് സമ്പൂർണമായി നിരോധിക്കും. പ്ലാസ്റ്റിക് സഞ്ചികൾ, കപ്പുകൾ, പ്ളേറ്റുകൾ, ചെറിയ കുപ്പികൾ, സ്‌ട്രോകൾ, ചിലതരം സാഷേകൾ എന്നിവയാണ് നിരോധിക്കുന്നത്.

കൺവെൻഷന്റെ ഏറ്റവും ഉയർന്ന സമിതിയായ കോൺഫറൻസ് ഒഫ് പാർട്ടീസിന്റെ അദ്ധ്യക്ഷ സ്ഥാനം ഇപ്പോൾ ഇന്ത്യയ്ക്കാണ്. കാലാവസ്ഥ വ്യതിയാനത്തിനെതിരെ ലോകത്ത് നടക്കുന്ന പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്ന വിധത്തിലായിരിക്കും ഈ അവസരത്തെ രാജ്യം പ്രയോജനപ്പെടുത്തുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.

പതിന്നാല് ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഒരു വർഷം രാജ്യത്തുണ്ടാവുന്നത്. നിരോധനത്തോടെ പ്ലാസ്റ്റിക് ഉപയോഗത്തിൽ അഞ്ചുശതമാനത്തിന്റെ കുറവുണ്ടാകും.

ലോകത്തെവിടെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിയ തോതിലുള്ള കെടുതികൾ തീർക്കുകയാണ്. ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങൾ അൻപത് ശതമാനവും ചെന്നടിയുന്നത് സമുദ്രങ്ങളിലാണ്. സമുദ്രത്തിലെ ജൈവസമ്പത്തിന് ഇവ വൻ ഭീഷണിയാണ് ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.