tarigami-

ന്യൂഡൽഹി: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കലുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ആഗസ്റ്റ് 5ന് വീട്ടുതടങ്കലിലാക്കിയ സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്ക് മാറ്റി. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് നടപടി. ബന്ധുവും ഒരു ഡോക്ടറും ഒരു പൊലീസുകാരനുമാണ് തരിഗാമിക്കൊപ്പമെത്തിയത്.
സുപ്രീംകോടതി അനുമതിയോടെ തരിഗാമിയെ സന്ദർശിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമർപ്പിച്ച സത്യവാങ്മൂലം പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് എയിംസിലേക്ക് മാറ്റാൻ ഉത്തരവിട്ടത്. പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവ തരിഗാമിയെ അലട്ടുന്നുണ്ടെന്നും വിദഗ്ദ്ധ ചികിത്സ വേണമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടിയിരുന്നു.