swami-

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദ് ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് നിയമവിദ്യാർത്ഥിനി ഡൽഹി പൊലീസിൽ പരാതി നൽകി. പരാതി ആരോപണങ്ങൾ അന്വേഷിക്കാൻ സുപ്രീംകോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് വിദ്യാർത്ഥിനിയുടെ പരാതി കൈമാറിയതായി ഡൽഹി പൊലീസ് അറിയിച്ചു. അതേസമയം ചിൻമയാനന്ദ് ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് പരാതി നൽകിയെങ്കിലും യു.പി പൊലീസ് ബലാത്സംഗ കുറ്റത്തിന് കേസെടുക്കുന്നില്ലെന്ന് ഷാജഹാൻപുരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പെൺകുട്ടി ആരോപിച്ചു.

ഡൽഹി ലോധി റോഡ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇത് അവർ യു.പി പൊലീസിന് കൈമാറി. പ്രത്യേക അന്വേഷണ സംഘം ഞായറാഴ്ച 11 മണിക്കൂറോളം തന്നെ ചോദ്യം ചെയ്തു. ചിന്മയാനന്ദ് ബലാത്സംഗം ചെയ്തെന്നും ഒരുവർഷത്തോളം ശാരീരികമായി ചൂഷണം ചെയ്തെന്നും താൻ മൊഴിനൽകിയിട്ടും ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യാൻ അവർ ഇതുവരെ തയാറായിട്ടില്ല.

വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ തന്റെ പക്കലുണ്ട്. താൻ 5 കോടി ആവശ്യപ്പെട്ടെന്ന ചിന്മയാനന്ദിന്റെ അഭിഭാഷകന്റെ ആരോപണം വ്യാജമാണെന്നും അതും അന്വേഷിക്കണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു. മുഖം മറച്ചാണ് പെൺകുട്ടി വാർത്താസമ്മേളനം നടത്തിയത്.

ചിന്മയാനന്ദ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് ആഗസ്റ്റ് 23നാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ പെൺകുട്ടി ആദ്യമായി ആരോപണമുന്നയിച്ചത്. പിന്നീട് കാണാതായ പെൺകുട്ടിയെ രാജസ്ഥാനിൽ നിന്നാണ് കണ്ടെത്തിയത്. ആഗസ്റ്റ് 27ന് യു.പി പൊലീസ് ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ ചുമത്തി ചിന്മയാനന്ദിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

വിഷയത്തിൽ ഇടപെട്ട സുപ്രീംകോടതി ആരോപണങ്ങൾ അന്വേഷിക്കാൻ ഐ.ജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ യു.പി സർക്കാരിന് നിർദ്ദേശം നൽകി.

കഴിഞ്ഞ ചൊവ്വാഴ്ച ഐ.ജി നവീൻ അറോറയുടെ നേതൃത്വത്തിൽ യു.പി സർക്കാർ എസ്.ഐ.ടി രൂപീകരിച്ചു. സംഘം ചിന്മയാനന്ദിന്റെ വീട്ടിലും ആശ്രമത്തിലും എത്തിയെങ്കിലും അദ്ദേഹം അവിടെയുണ്ടായിരുന്നില്ല.