ന്യൂഡൽഹി: ആർ.എസ്.എസ് മാതൃകയിൽ പ്രേരകുകളെ നിയമിക്കാനൊരുങ്ങി കോൺഗ്രസ്. താഴേത്തട്ടിലുള്ള പ്രവർത്തകരെ വരെ പാർട്ടിയുടെ ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും ചരിത്രവും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയുമാണ് ചുമതല. അഞ്ച് ജില്ലകളടങ്ങിയ ഒരു ഡിവിഷന് മൂന്ന് പ്രേരകുകളുണ്ടാകും. സെപ്തംബർ അവസാനത്തോടെ പ്രേരകുകളെ നിർദ്ദേശിക്കാനാണ് പി.സി.സികൾക്ക് എ.ഐ.സി.സിയുടെ നിർദ്ദേശം.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര മാർഗദർശിയായ ആർ.എസ്.എസിന്റെ മുഴുവൻ സമയ പ്രവർത്തകരാണ് പ്രചാരകുകൾ. ആർ.എസ്.എസ് ശാഖകൾ സംഘടിപ്പിക്കുക, സംഘടനയുടെ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക, സന്നദ്ധ സാമൂഹ്യപ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയവയാണ് പ്രധാന ജോലി. ഇതിന് സമാനമാണ് കോൺഗ്രസ് പ്രേരകുകളുടെയും ചുമതല. ഡൽഹിയിൽ കഴിഞ്ഞ 3ന് നടന്ന കോൺഗ്രസ് വർക്ക്ഷോപ്പിൽ അസാം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയാണ് പ്രേരക് ആശയം മുന്നോട്ട് വച്ചത്.
പ്രേരക്: നിബന്ധനകൾ
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കേണ്ടതില്ല
5 മുതൽ 7 ദിവസം വരെ പരിശീലനം നൽകി പ്രവർത്തനം നിരീക്ഷിച്ച ശേഷം നിയമനം
പ്രേരകുകൾ മാസത്തിലൊരിക്കൽ പാർട്ടി ജില്ലാ ഓഫീസിൽ പ്രവർത്തകർക്കായി സംസ്ഥാന, ദേശീയ വിഷയങ്ങളെക്കുറിച്ച് സംവാദം സംഘടിപ്പിക്കണം
കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി പ്രേരകുകളുടെ പരിശീലനം നേരിട്ട് വീക്ഷിക്കും