congress-flag

ന്യൂഡൽഹി: ലോക്‌സഭയിലെ കോൺഗ്രസ് അംഗബലം 52ലേക്ക് ചുരുങ്ങിയതിനാൽ പ്രധാന പാർലമെന്ററി സമിതികളുടെ നേതൃസ്ഥാനം കോൺഗ്രസിന് നഷ്ടമായേക്കും.

ഉയർന്ന പദവികൾ നൽകാനാകില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെത്തുടർന്ന് പാർലമെന്റിലെ ധനകാര്യ, വിദേശകാര്യ സമിതികളുടെ ചെയർമാൻ സ്ഥാനമാവും കോൺഗ്രസിന് നഷ്ടമാവുക.303 സീറ്റുള്ള ബി.ജെ.പി ഈ സ്ഥാനങ്ങൾക്കായി ആവശ്യമുന്നയിച്ചിട്ടുണ്ട്. കോൺഗ്രസിന് ചെറിയ സമിതികളുടെ ചെയർമാൻ സ്ഥാനം മാത്രം നൽകാനാണ് ആലോചന. വീരപ്പ മൊയ്ലി ചെയർമാനായ ധനകാര്യ സമിതിയും ശശി തരൂർ ചെയർമാനായ വിദേശകാര്യ സമിതിയുമാണ് നിലവിലുണ്ടായിരുന്നത്..

അതേസമയം, രാജ്യസഭയുമായി ബന്ധപ്പെട്ട ആഭ്യന്തര കാര്യ സമിതി അദ്ധ്യക്ഷ സ്ഥാനം കോൺഗ്രസിന് നിലനിറുത്താനാകും. സമിതി ചെയർമാനായിരുന്ന പി. ചിദംബരം ജുഡിഷ്യൽ കസ്റ്റഡിയിലായതിനാൽ ആനന്ദ് ശർമ്മയെ നിയമിച്ചേക്കും.കേന്ദ്ര നീക്കം കീഴ്‌വഴക്കങ്ങൾ മറികടന്നുള്ളതാണെന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പ്രതികരിച്ചു. ബി.ജെ.പി ചെറിയ പാർട്ടിയായിരുന്നപ്പോൾ യു.എന്നിലേക്കുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കാൻ എ.ബി. വാജ്‌പേയിയെ അയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് നോട്ട് അസാധുവാക്കലിൽ ധനകാര്യ സമിതി അധ്യക്ഷൻ വീരപ്പമൊയ്ലിയും ദോക്ലാം വിഷയത്തിൽ ശശി തരൂരും സ്വീകരിച്ച നിലപാടുകൾ ബി.ജെ.പിയുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.