ന്യൂഡൽഹി: കള്ളപ്പണക്കേസിൽ അറസ്റ്റിലായ കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ഡി.കെ ശിവകുമാറിനെ കൂടുതൽ പ്രതിസന്ധിയിലാക്കി, ചോദ്യം ചെയ്യലിന് ഹാജരാകാൻ മകൾ ഐശ്വര്യക്ക് എൻഫോഴ്സ്മെൻറ് നോട്ടീസ് നൽകി. ശിവകുമാറിനെതിരായ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ സെപ്തംബർ 12ന് ഇ.ഡി ആസ്ഥാനത്ത് എത്താനാണ് നിർദ്ദേശം. ശിവകുമാറിൻറെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിനിടെ ലഭിച്ച രേഖകൾ ഐശ്വര്യ കൈകാര്യം ചെയ്യുന്ന ട്രസ്റ്റിൻറേതായിരുന്നു. ട്രസ്റ്റിൻറെ പ്രവർത്തനങ്ങളും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കൂടുതലറിയാനാണ് ഐശ്വര്യ വിളിപ്പിച്ചതെന്ന് ഇ.ഡി ഉദ്യോഗസ്ഥർ പറഞ്ഞു. സെപ്തംബർ മൂന്നിനാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. നിലവിൽ ഇ.ഡി കസ്റ്റഡിയിൽ പത്തുദിവസം റിമാൻഡിലാണ്. 2018 നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവകുമാർ സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം 108 കോടിയാണ് ഐശ്വര്യയുടെ സ്വത്ത്. ഇത് 2013ൽ 1.09 കോടിയായിരുന്നു.