ന്യൂഡൽഹി:ആറ് തവണ ലോക ചാമ്പ്യനായ ബോക്‌സിംഗ് താരം മേരി കോമിനെ പത്മവിഭൂഷൺ പുരസ്കാരത്തിനായി ശുപാർശ ചെയ്ത് കായിക മന്ത്രാലയം. ചരിത്രത്തിലാദ്യമായാണ് രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിക്ക് ഒരു വനിതാ കായികതാരത്തിന്റെ പേര് നിർദേശിക്കപ്പെടുന്നത്.
മേരി കോമിന്റേതടക്കം ഒൻപത് വനിതകളെയാണ് പത്മപുരസ്‌കാരങ്ങൾക്കായി കായിക മന്ത്രാലയം ശുപാർശ ചെയ്തിരിക്കുന്നത്. പി.വി. സിന്ധുവിന് പത്മഭൂഷനാണ് ശുപാർശ ചെയ്തിരിക്കുന്നത്. ഗുസ്തി താരം വിനേഷ് ഫോഗട്ട്, ടേബിൾ ടെന്നീസ് താരം മനിക ബത്ര, ക്രിക്കറ്റ് താരം ഹർമൻപ്രീത് കൗർ, ഹോക്കി താരം റാണി രാംപാൽ, മുൻ ഷൂട്ടിംഗ് താരം സുമ ഷിരൂർ, പർവതാരോഹകരായ ഇരട്ടസഹോദരങ്ങൾ താഷി, നംഗ്ഷി മാലിക്ക് എന്നിവരെ പത്മശ്രീക്കായാണ് നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്നത്.
മേരി കോം 2006ൽ പദ്മശ്രീയും 2013ൽ പത്മഭൂഷനും നേടിയിരുന്നു. പത്മവിഭൂഷൺ
പുരസ്‌കാരം ലഭിച്ചാൽ, ചെസ് താരം വിശ്വനാഥൻ ആനന്ദ്(2007), ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ(2008), പർവതാരോഹകൻ എഡ്മണ്ട് ഹിലാരി(2008) എന്നിവർക്ക് ശേഷം ഈ അംഗീകാരത്തിന് അർഹയാകുന്ന നാലാമത്തെ കായികതാരമാകും ബോക്‌സിംഗ് ഇതിഹാസം മേരി കോം.
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ പി.വി. സിന്ധുവിന് മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷന് 2017ലും നാമനിർദേശമുണ്ടായിരുന്നു. 2015ൽ സിന്ധു പത്മശ്രീ നേടിയിരുന്നു.