ന്യൂഡൽഹി :കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിന്റെ കുടംബാംഗങ്ങൾക്കെതിരേയും നടപടിയുമായി എൻഫോഴ്‌സ്‌മെന്റ് അധികൃതർ. കേസുമായി ബന്ധപ്പെട്ട് ശിവകുമാറിന്റെ മകൾ ഐശ്വര്യയെ ഡൽഹി ഖാൻ മാർക്കറ്റിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു.
ശിവകുമാർ രൂപീകരിച്ച എഡ്യുക്കേഷൻ ട്രസ്റ്റിന്റെ നിലവിലെ ട്രസ്റ്റിയാണ് ഐശ്വര്യ. ശിവകുമാറിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരിശോധനയിലാണ് ഐശ്വര്യയും ട്രസ്റ്റും തമ്മിലെ ബന്ധം വ്യക്തമാകുന്നത്.ഇതിനെ തുടർന്നാണ് കൂടുതൽ അന്വേഷണത്തിനായി മകളെ ചോദ്യം ചെയ്യാൻ അധികൃതർ തീരുമാനിച്ചത്. ട്രസ്റ്റിന്റെ നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങളാണ് സംഘം പ്രധാനമായും അന്വേഷിക്കുക. കൂടാതെ 2017ൽ ബിസിനസ് ആവശ്യത്തിനായി ഇരുവരും നടത്തിയ സിംഗപ്പൂർ യാത്രയുടെ വിവരങ്ങളും ചോദ്യചെയ്യലിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. ഈ മാസം മൂന്നിനാണ് ചോദ്യം ചെയ്യലിനിടെ ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. 10 ദിവസത്തെ കസ്റ്റഡിയിലാണിപ്പോൾ അദ്ദേഹം.